ഏഷ്യന്‍ കപ്പ്: ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെതിരെ; പ്രതീക്ഷയോടെ അനസും ആഷികും

By Web TeamFirst Published Jan 6, 2019, 11:12 AM IST
Highlights

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കം. തായ്‌ലാന്‍ഡുമായുള്ള മത്സരം വൈകിട്ട് ഏഴിനാണ് തുടങ്ങുക. രണ്ടാം മത്സരത്തില്‍ സിറിയ രാത്രി 9.30ന് പലസ്തീനെ നേരിടും. ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യയുടെ ശക്തി തെളിയിക്കാന്‍ സുനില്‍ ഛേത്രിയും സംഘവും.

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് തുടക്കം. തായ്‌ലാന്‍ഡുമായുള്ള മത്സരം വൈകിട്ട് ഏഴിനാണ് തുടങ്ങുക. രണ്ടാം മത്സരത്തില്‍ സിറിയ രാത്രി 9.30ന് പലസ്തീനെ നേരിടും. ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യയുടെ ശക്തി തെളിയിക്കാന്‍ സുനില്‍ ഛേത്രിയും സംഘവും. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലുള്ള തായ്‌ലന്‍ഡിനെതിരെയും ബഹറിനെതിരെയും ജയവും റാങ്കിംഗില്‍ മുന്നിലുള്ള യു എ ഇക്കെതിരെ സമനിലയുമാണ് ഇന്ത്യയുടെ ലക്ഷ്യം. 

ഇതുകൊണ്ടുതന്നെ തായ്‌ലന്‍ഡിനെതിരായ ആദ്യ മത്സരം നിര്‍ണായകം. റാങ്കിംഗില്‍ ഇന്ത്യ 97, തായ്‌ലന്‍ഡ് 118 സ്ഥാനങ്ങളിലാണ്. സന്നാഹമത്സരങ്ങളില്‍ കരുത്തരായ ചൈനയെയും ഒമാനെയും സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. സുനില്‍ ഛേത്രിയുടെയും ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെയും മികവാകും നിര്‍ണായകമാവുക. മലയാളി സാന്നിധ്യമായി അനസ് എടത്തൊടികയും ആഷിക് കുരുണിയനും. 

1964ലെ റണ്ണേഴ്‌സ് അപ്പായ ഇന്ത്യ 1984ലും 2011ലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ഏഴ് വര്‍ഷം മുന്‍പ് കളിച്ച സംഘത്തിലെ ഛേത്രിയും ഗുര്‍പ്രീതും മാത്രമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലുള്ളത്. 1986ലെ മെര്‍ദേക്ക കപ്പിന് ശേഷം ഇന്ത്യ തായ്‌ലന്‍ഡിനെ തോല്‍പിച്ചിട്ടില്ല. വിദേശ ലീഗുകളില്‍ കളിക്കുന്ന താരങ്ങളുമായെത്തുന്ന തായ്‌ലന്‍ഡിന്, 2010 ലോകകപ്പില്‍ ഘാനയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ച കോച്ച് മിലോവന്‍ റയേവിന്റെ തന്ത്രങ്ങളും തുണയാവും.

click me!