പൂച്ചകളായി ഇന്ത്യന്‍ ബാറ്റിംഗ് നിര; നാണം കെടുത്തി ഇംഗ്ലണ്ട്

By Web TeamFirst Published Aug 11, 2018, 12:34 AM IST
Highlights

അശ്വിനെ കൂടാതെ 20 റണ്‍സ് കടന്നത് നായകന്‍ വിരാട് കോലി മാത്രമാണ്. രഹാനെ 18 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി അന്‍ഡേഴ്സണ്‍ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ക്രിസ് വോകസ് രണ്ടു വിക്കറ്റുകള്‍ പേരിലെഴുതി

ലോര്‍ഡ്‍സ്: ആദ്യ ടെസ്റ്റില്‍ ഏറ്റ തിരിച്ചടിയില്‍ നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളതെ ക്രിക്കറ്റിന്‍റെ മെക്കയില്‍ പോരിനിറങ്ങിയ ഇന്ത്യയെ ഇംഗ്ലീഷ് പട നാണം കെടുത്തി. മഴ മൂലം ആദ്യ ദിനം നഷ്ടപ്പെട്ട രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ പുറത്ത്. പിടിച്ചു നില്‍ക്കാനുള്ള ഒരു ശ്രമവും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ പുറത്തെടുക്കാതിരുന്നപ്പോള്‍ മഴ ഇടയ്ക്കിടെ തടസപ്പെടുത്തുന്ന കളിയില്‍ വെറും 107 റണ്‍സിനാണ് വിഖ്യത ബാറ്റിംഗ് നിര ഒന്നൊഴിയാതെ പവലിയനില്‍ തിരിച്ചെത്തിയത്.

ലെംഗ്തും പേസും കൃത്യമായി പ്രയോഗിച്ച് അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയ ജയിംസ് ആന്‍ഡേഴ്സണ് മുന്നിലാണ് ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്ന് തരിപ്പണമായത്. വിക്കറ്റുകള്‍ കടപുഴകി വീഴുന്നതിനിടയില്‍ അല്‍പെങ്കിലും പ്രതിരോധം തീര്‍ത്ത രവിചന്ദ്ര അശ്വിന്‍ 29 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായി. അശ്വിനെ കൂടാതെ 20 റണ്‍സ് കടന്നത് നായകന്‍ വിരാട് കോലി മാത്രമാണ്. രഹാനെ 18 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി അന്‍ഡേഴ്സണ്‍ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ക്രിസ് വോകസ് രണ്ടു വിക്കറ്റുകള്‍ പേരിലെഴുതി. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ മുരളി വിജയ്‍യുടെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. അഞ്ചു പന്തുകള്‍ നേരിട്ട വിജയ് അക്കൗണ്ട് തുറക്കും മുമ്പ് കൂടാരം കയറി. പിന്നീട് ഇന്ത്യന്‍ ബാറ്റസ്മാന്മാര്‍ വന്നതിനേക്കാള്‍ വേഗം വിക്കറ്റ് തുലച്ച് കളം വിടാന്‍ മത്സരിക്കുകയായിരുന്നു.

ധവാന് പകരം ടീമിലിടം നേടിയ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര കോലിയുമായുള്ള ധാരണ പിശകില്‍ റണ്‍ഔട്ടായി പുറത്തായി.  ഇന്ത്യന്‍ സ്കോര്‍ 100 കടക്കുമോയെന്നുള്ള ആശങ്കയില്‍ മുന്നോട്ട് പോകുമ്പോഴാണ് അശ്വിന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശിഖര്‍ ധവാനെയും ഉമേഷ് യാദവിനെയും ഒഴിവാക്കിയ ഇന്ത്യ പൂജാരയെ കൂടാതെ കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴ കാരണം ഇന്നലെ ഒരോവര്‍ പോലും എറിയാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ മുന്നിലാണ്.

click me!