സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയെ ധോണി നയിക്കും

By Web DeskFirst Published May 23, 2016, 6:34 AM IST
Highlights

മുംബൈ: അടുത്തമാസം സിംബാബ്‌വെയ്ക്കെതിരെ നടക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ മലയാളി താരം കരുണ്‍ നായരും ടീമിലെത്തി. വിരാട്കൊഹ്‌ലി, അജിങ്ക്യാ രഹാനെ, രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നീ പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ അഞ്ചോളം പുതുമുഖങ്ങള്‍ 16 അംഗ ടീമിലിടം പിടിച്ചു.

വിദര്‍ഭ ബാറ്റ്സ്മാന്‍ ഫായിസ് ഫസല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, കരുണ്‍ നായര്‍, മന്‍ദീപ് സിംഗ് എന്നിവരാണ് 16 അംഗ ടീമിലെ പുതുമുഖങ്ങള്‍. ആര്‍ക്കും വിശ്രമം അനുവദിച്ചതെല്ലും വിശ്രമം ആവശ്യപ്പെട്ട് ആരും ബോര്‍ഡിനെ സമീപിച്ചിട്ടില്ലെന്നും ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. പുതുമുഖങ്ങള്‍ അടങ്ങിയ ടീമിനെ സിംബാബ്‌വേയിലേക്ക് അയക്കുക എന്നത് സെലക്ടര്‍മാരുടെ തീരുമാനമായിരുന്നുവെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു. നെഹ്റയ്ക്കും വിജയ്‌യിനും പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. കൈയിലെ പരിക്ക് ഭേദമാകാനായി കൊഹ്‌ലിക്ക് ഐപിഎല്ലിനുശേഷം വിശ്രമം അനുവദിക്കുകയായിരുന്നു.

ഈ സീസണില്‍ ഐപിഎല്ലില്‍ ഒരു ടീമിലും കളിക്കാതെ 16 അംഗം ടീമിലെത്തിയ ഏക താരമാണ് 30കാരനായ ഫായിസ് ഫസല്‍. 2011വരെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന ഫസല്‍ ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ലീഗ് ക്രിക്കറ്റ് കളിക്കുകയാണ്. ജൂണ്‍ 11 മുതല്‍ 22 വരെ നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യ മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20 പരമ്പരകളുമാണ് കളിക്കുക.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ധോണി(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, ഫായിസ് ഫൈസല്‍, മനീഷ് പാണ്ഡേ, അംബാട്ടി റായ്ഡു, റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, ജസ്‌പ്രീത് ബുംറ, ബരീന്ദര്‍ സ്രാണ്‍, മന്‍ദീപ് സിംഗ്, കേദാര്‍ ജാദവ്, ജയ്‍ദേവ് ഉനാദ്കട്, യുസ്‍വേന്ദ്ര ചാഹല്‍.

 

click me!