കാര്യവട്ടത്ത് ഇന്ത്യക്കെതിരെ കീവീസിന് ജയിക്കാന്‍ 68 റണ്‍സ്

By Web DeskFirst Published Nov 7, 2017, 10:13 PM IST
Highlights

തിരുവനന്തപുരം: കാര്യവട്ടം ട്വന്റി-20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 68 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തു. 11 പന്തില്‍ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

മൂന്നാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ധവാനെയും രോഹിത്തിനെയും പുറത്താക്കിയ ടിം സൗത്തിയാണ് ഇന്ത്യയുടെ താളം തെറ്റിച്ചത്. രോഹിത് ശര്‍മ 9 പന്തില്‍ 8 റണ്‍സെടുത്തപ്പോള്‍ ധവാന്‍ ആറ് പന്തില്‍ ആറു റണ്‍സെടുത്തു.

വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോലി ബൗണ്ടറിയും സിക്സറും അടിച്ചു തുടങ്ങിയെങ്കിലും ബൗണ്ടറിക്കായുള്ള ശ്രമത്തില്‍ ബൗള്‍ട്ടിന്റെ കൈകളിലൊതുങ്ങി. ആറു പന്തില്‍ 13 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ആറു പന്തില്‍ ആറു റണ്‍സെടുത്ത ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയപ്പോള്‍ മനീഷ് പാണ്ഡെയും(11 പന്തില്‍ 17), ഹര്‍ദ്ദീക് പാണ്ഡ്യയും(10 പന്തില്‍ 14 നോട്ടൗട്ട്) ഇന്ത്യയെ 67ല്‍ എത്തിച്ചത്. കീവീസിനായി സൗത്തിയും സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

click me!