
സെഞ്ചുറിയനില്‍ പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യയ്ക്കുണ്ടായത്. പേസും ബൗണ്‍സുമില്ലാത്ത പിച്ചില്‍ ദക്ഷിണാഫ്രിക്ക തുടക്കം ഗംഭീരമാക്കി. ഇന്ത്യന്‍ പേസര്‍മാര്‍ നിരാശരാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോര്‍ എന്ന ഭീഷണി സൃഷ്ടിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തി സ്‌പിന്നര്‍ അശ്വിന്‍ മത്സരം ഇന്ത്യയുടെ കൈകളിലെത്തിച്ചു. രണ്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരെ സെഞ്ചുരിക്കരികെ വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. സംഭവബഹുലമായ ഇന്നത്തെ പ്രധാന നിമിഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഞെട്ടലോടെ മാത്രം കേള്‍ക്കാവുന്ന വാര്‍ത്തയായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്ക് അത്. കഴിഞ്ഞ മത്സരത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഭുവിയെ പുറത്തിരുത്തിയത് തുടക്കത്തില്‍ മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. ഭുവിക്ക് പകരമെത്തിയ ഇശാന്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. പേസും ബൗണ്‍സം കുറവായ സെഞ്ചൂറിയനില്‍ മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്ന ഭുവിയായിരുന്നു കളിക്കേണ്ടിയിരുന്നത്‍.
തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കുന്നതില്‍ ഇന്ത്യന്‍ പേസര്‍മാര്‍ പരാജയപ്പെട്ടു. ആദ്യ വിക്കറ്റ് വീഴാന്‍ 30-ാം ഓവര്‍ വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു. ജസ്‌പ്രീതിനും ഷമിക്കും ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ വിറപ്പിക്കാന്‍ പോയിട്ട് ഭീഷണിയാവാന്‍ പോലും കഴിഞ്ഞില്ല. ഇരുവരും ചേര്‍ന്ന് 103 റണ്‍സ് വഴങ്ങിയപ്പോള്‍ വിക്കറ്റൊന്നും നേടാനും കഴിഞ്ഞില്ല.
രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വിറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. മികച്ച തുടക്കം ലഭിച്ച ആതിഥേയര്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തുമെന്ന് തുടക്കത്തില്‍ തോന്നിച്ചു. എന്നാല്‍ നിര്‍ണ്ണായകമായത് അശ്വിനെയിറക്കിയ കോലിയുടെ തന്ത്രമാണ്. ഓപ്പണര്‍മാരായ ഡീന്‍ എള്‍ഗറും(31) എയ്ഡന്‍ മര്‍ക്രാമും(94) അശ്വിന് കീഴടങ്ങി. 150 പന്തില്‍ 94 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന മര്‍ക്രാമിന്‍റെ വിക്കറ്റ് വീണതോടെ രണ്ടാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച കൂട്ടുകെട്ട് സ്വപ്നം കണ്ട ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി.
62.4 ഓവറില്‍ മുന്നിന് 199 എന്ന സുരക്ഷിത നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അതേസമയം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു ഹാഷിം അംലയും ഡുപ്ലസിസും ചേരുമ്പോള്‍ കൂറ്റന്‍ സ്കോര്‍ എന്ന ലക്ഷ്യം ദക്ഷിണാഫ്രിയ്ക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വന്‍മതില്‍ അംലയെ റണൗട്ടാക്കി ഹര്‍ദിക് പാണ്ഡ്യ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. പിന്നാലെ അനാവശ്യ റണിന് ഓടിയ ഫിലാന്‍ഡറെ പട്ടേലും പാണ്ഡ്യയുടെ ചേര്‍ന്ന് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ മധ്യനിര കൂടാരം കയറി.
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 169 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 24 റണ്‍സെടുത്ത് നായകന്‍ ഫാഫ് ഡുപ്ലസിസും 10 റണ്‍സുമായി കേശവ് മഹാരാജമാണ് ക്രീസില്‍. ആദ്യ ദിനം ഡുപ്ലസിസിനെ ഇന്ത്യയ്ക്ക് കൂടി മടക്കാനായിരുന്നെങ്കില്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയെ പുറത്താക്കി ബാറ്റിംഗ് തുടങ്ങാന്‍ കഴിയുമായിരുന്നു. എന്നാല്‍ വാലറ്റത്ത് പ്രതിരോധിച്ച് കളിക്കുന്ന മഹാരാജിനെ കൂട്ടുപിടിച്ച് ഡുപ്ലസിസ് തകര്‍ത്താടിയാല്‍ ദക്ഷിണാഫ്രിക്ക 350 റണ്‍സിനടുത്ത് സ്കോര്‍ ചെയ്യും. സമ്മര്‍ദ്ധഘട്ടങ്ങളില്‍ നന്നായി ബാറ്റ് ചെയ്യുന്ന ഫാഫ് ഡുപ്ലസി ഇന്ത്യയ്ക്ക് പാരയാകുമോയെന്ന് കണ്ടറിയാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!