ദക്ഷിണിഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കഴുത്തിന് പരിക്കേറ്റപ്പോള്‍ ബാറ്റിംഗ് തുടരാതെ തിരിച്ചുവിളിച്ച് സംരക്ഷിച്ചിരുന്നു.
ലക്നോ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റിട്ടും വാഷിംഗ്ടണ്‍ സുന്ദറിനെ ബാറ്റിംഗിനിറക്കിയ ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം മുഹമ്മദ് കൈഫ്. പരിക്കേറ്റിട്ടും ബാറ്റിംഗിന് ഇറങ്ങിയതോടെ സുന്ദറിന്‍റെ പരിക്ക് ഗുരുതരമായെന്നും ആഴ്ചകള്‍ കൊണ്ട് മാറാവുന്ന പരിക്ക് മാസത്തിലേക്ക് നീളാന്‍ കാരണമാകുമെന്നും കൈഫ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ കഴുത്തിന് പരിക്കേറ്റപ്പോള്‍ ബാറ്റിംഗ് തുടരാതെ തിരിച്ചുവിളിച്ച് സംരക്ഷിച്ചിരുന്നു. പിന്നീട് ആ മത്സരത്തില്‍ ഗില്‍ ബാറ്റിംഗിനിറങ്ങിയില്ല. ആന്ന് ഗില്‍ ബാറ്റിംഗിനിറങ്ങിയ 20-30 റണ്‍സെടുത്തിരുന്നെങ്കില്‍ ഇന്ത്യക്ക് ഗുണകരമാകുമായിരുന്നു. പരിക്ക് വഷളാവാതിരിക്കാന്‍ ഗില്ലിന് പൂര്‍ണ സംരക്ഷണം നല്‍കി.
എന്നാല്‍ സുന്ദറിന്‍റെ കാര്യത്തില്‍ ആ സമീപനമല്ല ഉണ്ടായത്. അതുകൊണ്ടാണ് പറയുന്നത് സുന്ദറിന്‍റെ പരിക്ക് വഷളാവാന്‍ കാരണം ഇന്ത്യയുടെ ഈ നിലപാടായിരുന്നു. ഓടാന്‍ ബുദ്ധിമുട്ടിയ സുന്ദറിന് സിംഗിളെടുത്ത് രാഹുലിന് സ്ട്രൈക്ക് കൈമാറാനും കഴിഞ്ഞില്ല. ഇന്ത്യ കളി ജയിച്ചെങ്കിലും സുന്ദറിന്‍റെ പരിക്ക് വഷളാവാന്‍ അത് കാരണമായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് തെറ്റായ തീരുമാനമായിരുന്നു. സുന്ദറിന് പകരം കുല്‍ദീപിനെയോ പ്രസിദ്ധിനെയോ സിറാജിനെയോ ക്രീസിലേക്ക് അയക്കാമായിരുന്നു. ഒരു പന്തില്‍ ഒറു റണ്ണെടുക്കേണ്ട സാഹചര്യമേ അവിടെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ സുന്ദറിനെ അയക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്നും കൈഫ് യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഒന്നാം ഏകദിനത്തി ബൗളിംഗിനിടെ പരിക്കേറ്റ സുന്ദറിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാവില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ലോകകപ്പ് ടീമിലും ഉള്‍പ്പെട്ട താരം കൂടിയാണ് സുന്ദര്‍. സുന്ദറിന് പകരം ആയുഷ് ബദോനിയെയാണ് സെലക്ടര്‍മാര്‍ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിലെടുത്തത്.


