
നാഗ്പൂര്‍: ആദ്യ ടെസ്റ്റില്‍ തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ശ്രീലങ്കയ്ക്ക് രണ്ടാം ടെസ്റ്റില്‍ അനിവാര്യമായ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. വിജയ്‌ക്കും പൂജാരയും കോലിയും രോഹിത്തും ആടിത്തിമിര്‍ത്തപ്പോള്‍ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205 റണ്‍സിന് മറുപടിയായി ഇന്ത്യ അടിച്ചെടുത്തത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 610 റണ്‍സ്.
ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ റണ്‍മലകയറ്റം തുടങ്ങിയ ലങ്കയ്ക്ക് മൂന്നാം ദിനം കളി നിര്‍ത്തും മുമ്പ് ഒരു വിക്കറ്റ് നഷ്ടമായി കഴിഞ്ഞു. ഒമ്പത് വിക്കറ്റും രണ്ടു ദിവസവും ശേഷിക്കെ ഇന്ത്യയെ രണ്ടാമത് ബാറ്റിംഗിനയക്കാന്‍ പോലും ലങ്കയ്ക്ക് ഇനിയും 384 റണ്‍സ് വേണം. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നാലാം ദിനം തന്നെ ഇന്ത്യ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കും. സ്കോര്‍ ശ്രീലങ്ക 205, 21/1, ഇന്ത്യ 610/6.
മൂന്നാം ദിനം ആദ്യം സെഞ്ചുറിയിലെത്തിയത് വിരാട് കോലിയായിരുന്നു. ടെസ്റ്റ് കരിയറിലെ പത്തൊമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കിയ കോലി ഈ കലണ്ടര്‍ വര്‍ഷം നേടി രാജ്യാന്തര സെഞ്ചുറികള്‍ പത്താക്കി. ക്യാപ്റ്റനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡും സ്വന്തമാക്കി. പൂജാര(143) പുറത്തായശേഷം ക്രീസിലെത്തിയ അജിങ്ക്യാ രഹാനെ(2) പെട്ടെന്ന് പുറത്തായപ്പോള്‍ ലങ്കയ്ക്ക് നേരിയ പ്രതീക്ഷ ഉണര്‍ന്നതാണ്.
എന്നാല്‍ രോഹിത് ശര്‍മ കോലിക്ക് പറ്റിയ പങ്കാളിയായപ്പോള്‍ ഇന്ത്യ കുതിച്ചു. കോലി സെഞ്ചുറിയില്‍ നിന്ന് ഡബിളും(213) തികച്ച് മടങ്ങിയശേഷം രോഹിത്തും നാലുവര്‍ഷത്തെ ഇടവേളക്കുശേഷമുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ലങ്കക്കായി 202 റണ്‍സ് വഴങ്ങി കരുണരത്നെ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ സമരവിക്രമയെ(0) വീഴ്‌ത്തി ഇഷാന്ത് ശര്‍മ കരുത്തുകാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!