ഐപിഎല്ലും കോലിയും തുണയായി; തുറന്നുപറഞ്ഞ് ബട്ട്‌ലര്‍

By Web TeamFirst Published Jul 29, 2018, 4:51 PM IST
Highlights

ഐപിഎല്ലിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പഠിപ്പിച്ച പാഠങ്ങള്‍ തുറന്നുപറഞ്ഞ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇത് പ്രയോജനം ചെയ്യുമെന്ന് താരം പറയുന്നു. 

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ താരമാണ് ജോസ് ബട്ട്‌ലര്‍. ഐപിഎല്ലിലെ മിന്നും ഫോം ഇംഗ്ലീഷ് കുപ്പായത്തിലും തുടര്‍ന്നതോടെ ബട്ട്‌ലര്‍ക്ക് ടെസ്റ്റ് ടീമിലേക്കുള്ള ക്ഷണം വീണ്ടുമെത്തി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രകടനം തുടരാനൊരുങ്ങുന്ന ബട്ട്‌ലര്‍ എതിര്‍ ടീം നായകന്‍ കോലിയെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. 

കഴിഞ്ഞ ഐപിഎല്ലിനിടെയാണ് ബട്ട്‌ലര്‍ക്ക് കോലി രക്ഷകനായത്. ഐപിഎല്ലില്‍ മികച്ച ബാറ്റ്സ്‌മാന്‍മാരുടെ ബാറ്റിംഗ് അടുത്ത് കാണാനും, എന്തുകൊണ്ട് അവര്‍ ഈ നിലയിലെത്തി എന്ന് മനസിലാക്കാനും സാധിച്ചു. ഇവരില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കാണാനായത് മാനസികമായി കരുത്തുപകര്‍ന്നതായി ബട്ട്‌ലര്‍ പറയുന്നു. കോലി പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ കോലിയുടെ ബാറ്റിംഗ് കാണുമ്പോള്‍ മാനസികമായി നമ്മള്‍ ഉയരും.

ഐപിഎല്‍ അനുഭവങ്ങള്‍ തനിക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. ആഷസ് പരമ്പര പോലെ പ്രധാനപ്പെട്ടതാണ് ഇന്ത്യക്കെതിരായ മത്സരങ്ങളും. നിലവില്‍ ഇന്ത്യ മികച്ച ടീമുകളിലൊന്നാണ്. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബട്ട്‌ലര്‍ പറഞ്ഞു. 

click me!