ടി20 ലോകകപ്പ് ഫൈനലിലെ അവിശ്വസനീയ പ്രകടനത്തിന് ജസ്പ്രീത് ബുംറയെ നായകൻ സൂര്യകുമാർ യാദവ് പ്രശംസിച്ചു. ബുംറ ഒരു റോബോട്ടാണെന്നും രാജ്യത്തിന്റെ നിധിയാണെന്നും സൂര്യകുമാർ വിശേഷിപ്പിച്ചു. 

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ കിരീടമോഹങ്ങള്‍ തകര്‍ത്ത ജസ്പ്രീത് ബുംറയുടെ പ്രകടനത്തെ 'അവിശ്വസനീയം' എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. നാല് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറയാണ് ഫൈനലിലെ താരം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ബൗളര്‍മാര്‍ക്ക് നല്‍കിയ ആത്മവിശ്വാസത്തെക്കുറിച്ചും സൂര്യ സംസാരിക്കുന്നുണ്ട്.

സൂര്യയുടെ വാക്കുകള്‍... ''ഈ ലോകകപ്പില്‍ ഇതുവരെ ഒരു ഇന്ത്യന്‍ ബൗളര്‍ക്കും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചിരുന്നില്ല. അതിന് ഏറ്റവും അനുയോജ്യമായ വേദിയായിരുന്നു ഈ ഫൈനല്‍. ബുംറ ഒരു റോബോട്ടാണ്, ഈ രാജ്യത്തിന്റെ നിധിയാണ്. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബോര്‍ഡില്‍ 250-ലധികം റണ്‍സ് വന്നപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടെന്ന് അറിയാമായിരുന്നു. ഏത് സ്‌കോറും പ്രതിരോധിക്കാന്‍ ശേഷിയുള്ള ബൗളിംഗ് നിരയാണ് എനിക്കൊപ്പമുള്ളതെന്ന് എനിക്കുറപ്പായിരുന്നു.'' ഐസിസിയോട് സംസാരിക്കവെ സൂര്യകുമാര്‍ പറഞ്ഞു.

സ്ഥിരതയുടെ കരുത്തില്‍ കിരീടത്തിലേക്ക്

ഈ ലോകകപ്പിലുടനീളം ബുംറ പുലര്‍ത്തിയ സ്ഥിരത ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി. 8 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ടൂര്‍ണമെന്റിലെ സംയുക്ത ടോപ്പ് വിക്കറ്റ് ടേക്കര്‍. മത്സരത്തിന്റെ ഏത് ഘട്ടത്തിലും വിക്കറ്റ് വീഴ്ത്താനും റണ്‍സ് നിയന്ത്രിക്കാനുമുള്ള ബുംറയുടെ കഴിവ് ഇന്ത്യക്ക് കരുത്തായി. കഴിഞ്ഞ വര്‍ഷം ബാര്‍ബഡോസില്‍ നടന്ന ലോകകപ്പ് ഫൈനലിലും ബുംറയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. അന്ന് ടൂര്‍ണമെന്റിലെ താരം കൂടിയായിരുന്നു അദ്ദേഹം.

സമ്മര്‍ദ്ദഘട്ടങ്ങളിലെ കൂള്‍ ബുംറ

സൂര്യകുമാര്‍ യാദവ് ബുംറയെ 'റോബോട്ട്' എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ കൃത്യതയെ മുന്‍നിര്‍ത്തിയാണ്. ഏറ്റവും വലിയ സമ്മര്‍ദ്ദഘട്ടങ്ങളിലും പിഴവില്ലാത്ത യോര്‍ക്കറുകളും സ്ലോ ബോളുകളും എറിയാന്‍ ബുംറയ്ക്ക് സാധിക്കുന്നു. മറ്റുള്ളവര്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ബുംറ തന്റെ കളി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് പതിവ്.

YouTube video player