ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായ അഞ്ച് വഴിത്തിരിവുകള്‍

By Web DeskFirst Published Sep 29, 2017, 6:56 AM IST
Highlights

ബംഗലൂരു: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ തുടര്‍ച്ചയായ പത്താം ജയമെന്ന റെക്കോര്‍ഡിന്റെ പടിവാതിലില്‍ നിന്ന് ഇന്ത്യ തോല്‍വിയിലേക്ക് വഴുതി വീണതിന് നിരവധി കാരണങ്ങളുണ്ട്. അവയില്‍ പ്രധാനപ്പട്ടവ ഇതാ.

ഫിനിഷ് ചെയ്യാനുള്ള മധ്യനിരയുടെ കഴിവില്ലായ്മ

ഹര്‍ദ്ദീക് പാണ്ഡ്യയുടെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ മനീഷ് പാണ്ഡെയും കേദാര്‍ ജാദവും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താനാവാഞ്ഞത് തിരിച്ചടിയായി. ഒരു പന്തില്‍ ഒറു റണ്‍സെന്ന നിലയില്‍ ഇവര്‍ സ്കോര്‍ ചെയ്തെങ്കിലും ഓവറില്‍ ഒമ്പത് റണ്‍സിലേറെ വേണമായിരുന്നു അപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍. ഓന്നോ രണ്ടോ നല്ല ഓവറുകള്‍ കളിയുടെ ഗതി മാറ്റുമെന്നിരിക്കെ സ്ലോ ബോളുകള്‍ കൊണ്ട് ഓസീസ് പേസര്‍മാര്‍ ഇവരെ പിടിച്ചുകെട്ടി.

ഓസ്ട്രേലിയയുടെ ഡെത്ത് ബൗളിംഗ്

പതിവില്‍ നിന്ന് വ്യത്യസ്തമായി അവസാന ഓവറുകളില്‍ ഓസീസ് ബൗളര്‍മാരായ റിച്ചാര്‍ഡ്സണും കമിന്‍സും തിളങ്ങി. മനോഹരമായ സ്ലോ ബോളുകള്‍ കൊണ്ടും കട്ടറുകള്‍ കൊണ്ടും ഇവര്‍ ഇടയ്ക്കിടെ ബാറ്റ്സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു. ജാദവും പാണ്ഡെയും പുറത്തായത് സ്ലോ ബോളുകളിലായിരുന്നു. ധോണിയാകട്ടെ വമ്പനടിക്ക് ശ്രമിച്ച് പ്ലേയ്ഡ് ഓണാവുകയും ചെയ്തു. അവസാന അഞ്ചോവറില്‍ 53 റണ്‍സ് നേടുക എന്നത് അസാധ്യമല്ലായിരുന്നെങ്കിലും കമിന്‍സും റിച്ചാര്‍ഡ്സണും ചേര്‍ന്ന് ഇന്ത്യയെ വരിഞ്ഞുമുറുക്കി.

വൈകി വന്ന ധോണി

ഹര്‍ദ്ദീക് പാണ്ഡ്യ നാലാം നമ്പറിലിറങ്ങിയതോടെ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമനായാണ് ധോണി ക്രീസിലെത്തിയത്. സാധാരണഗതിയില്‍ ക്രീസിലെത്തിയാല്‍ 10-20 പന്തുകള്‍ നേരിട്ടശേഷമെ ധോണി വമ്പനടികള്‍കക് മുതിരാറുള്ളു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ കളി തീരാന്‍ നാലോവര്‍ മാത്രം ശേഷിക്കെ ക്രീസിലെത്തിയ ധോണിക്ക് വന്നയുടന്‍ വമ്പനടികള്‍ക്ക് നിര്‍ബന്ധിതനായി. കാര്യമായ ടൈമിംഗില്ലാതെ കളിച്ച ഷോട്ടുകളില്‍ രണ്‍സ് നേടാന്‍ ധോണിക്കായതുമില്ല. അവസാ 12-13 ഓവറുകള്‍ ജയിക്കാന്‍ ഓവറില്‍ ഒമ്പത് റണ്‍സിലേറെ വേണ്ടിയിരുന്നപ്പോള്‍ പാണ്ഡെയ്ക്ക് പകരം ധോണി ഇറങ്ങിയിരുന്നെങ്കില്‍ റണ്‍സ് വേഗം കൂട്ടാനാവുമായിരുന്നു.

രോഹിത് ശര്‍മയുടെ പുറത്താകല്‍

കളിയുടെ ഗതി ഒറ്റയ്ക്ക് തിരിക്കാന്‍ കഴിവുള്ള രോഹിത് ശര്‍മ മികച്ച ഫോമിലായിരുന്നു. 55 പന്തില്‍ 65 റണ്‍സെടുത്ത് കൂറ്റന്‍ ഇന്നിംഗ്സിന് അടിത്തറയിട്ട രോഹിത് കോലിയുമായുള്ള ധാരണാ പിശകില്‍ റണ്ണൗട്ടായത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായി. ഓസ്ട്രേലിയന്‍ ബൗളര്‍മാരെ അനായാസം അഞ്ച് സിക്സറുകള്‍ക്ക് പറത്തിയ രോഹിത് ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്കോറിംഗിന് ഗതിവേഗം കൈവന്നേനെ. രോഹിത്തിന്റെ പുറത്താകലിന് പിന്നാലെ ചേസിംഗില്‍ മാസ്റ്ററായ കോലി കൂടി വീണതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.

ഇന്ത്യന്‍ ബൗളിംഗിനെ അടിച്ചുപറത്തിയ് വാര്‍ണറും ഫിഞ്ചും

ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയുമില്ലാത്ത ഇന്ത്യയുടെ ഓപ്പണിംഗ് ബൗളിംഗിനെ ആത്മവിശ്വാസത്തോടെ നേരിട്ട ഓസീസ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഓസീസിന് നല്‍കിയത് ഈ പരമ്പരയിലെ തന്നെ മികച്ച തുടക്കം. ഇരുവരെയും വീഴ്‌ത്തുന്നതില്‍ സ്പിന്നര്‍മാരും പരാജയപ്പെട്ടതോടെ ഓസീസിന്റെ വമ്പന്‍ സ്കോറിനുള്ള അടിത്തറയായി.

click me!