കുല്‍ദീപിനെ പൂട്ടാന്‍ 'കേരളാ മാക്സ്‌വെല്ലിന്റെ' സഹായം തേടി ഓസ്ട്രേലിയ

By Web DeskFirst Published Sep 16, 2017, 12:10 PM IST
Highlights

ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക ആരായിരിക്കും ?. ബാറ്റ്സ്മാന്‍മാരിലാണെങ്കില്‍ ക്യാപ്റ്റന്‍ വിരാട് കോലി മുതല്‍ രോഹിത് ശര്‍മ, ധോണി അങ്ങനെ നിരവധി പേരുകളുണ്ട്. ബൗളര്‍മാരിലോ, അത് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കുമെന്നാണ് ഓസീസിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം ആദ്യം ഓസീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലാണ് കുല്‍ദീപ് അരങ്ങേറിയത്. ആ മത്സരത്തില്‍  കുല്‍ദീപ് ഓസീസിനെ ശരിക്കും വെള്ളം കുടിപ്പിച്ചിരുന്നു.

അതുകൊണ്ടുതന്നെ കുല്‍ദീപിനെ പൂട്ടാന്‍ അവര്‍ സഹായം തേടിയിരിക്കുന്നത് ഒരു മലയാളി താരത്തോടാണ്. മറ്റാരുമല്ല, കേരളത്തിന്റെ ചൈനാമാന്‍ സ്പിന്നറും ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരവുമായ കെ.കെ. ജിയാസിനോട്. ഓസ്ട്രേലിയന്‍ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് കൂടിയായ ഇന്ത്യക്കാരന്‍ ശ്രീധരന്‍ ശ്രീറാമാണ് ജിയാസിന്റെ സേവനം തേടിയത്. ഓസീസിന് നെറ്റ്സില്‍ പന്തെറിയാനാണ് ജിയാസിനെ വിളിപ്പിച്ചത്. വാര്‍ണറും ഫിഞ്ചും ഒഴികെ ഓസീസ് നിരയിലെ എല്ലാ ബാറ്റ്സ്മാന്‍മാര്‍ക്കും പന്തെറിഞ്ഞുവെന്നും അവലരില്‍ ചിലരെ തന്റെ പന്തുകള്‍ കുഴക്കിയെന്നും ജിയാസ് പറഞ്ഞു. എന്നാല്‍ മാക്സ്‌വെല്ലും ഫോക്നറും തന്റെ പന്തുകള്‍ അടിച്ചു പറത്താനാണ് ശ്രമിച്ചത്.

2015 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് 25കാരന്‍ കര്‍പക കുഴിയില്‍ ജിയാസ് എന്ന കെ.കെ.ജിയാസിന്റേത്. ആ വര്‍ഷം ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലെത്തിയെങ്കിലും ഒറ്റ മത്സരം പോലും കളിക്കാന്‍ ജിയാസിന് അവസരം ലഭിച്ചിരുന്നില്ല. കേരളത്തെ പ്രതിനിധീകരിക്കാനും ജിയാസിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഓസീസ് താരം ഗ്ലെന്‍ മാക്സ്‌വെല്ലുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ 'കേരളാ മാക്സ്‌വെല്‍' എന്നാണ് സുഹൃത്തുക്കളും ടീം അംഗങ്ങളുമെല്ലാം ജിയാസിനെ വിളിക്കുന്നത്.

 

click me!