
ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ഓസീസ് ക്രിക്കറ്റ് സംഘം ചില്ലറക്കാരല്ല. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീം ബാറ്റിംഗിലും ബോളിംഗിലും കരുത്തരാണ്. ഫീല്‍ഡിംഗ് മികവ് കൂടി ചേരുമ്പോള്‍ ഓസീസിനെ കീഴടക്കാന്‍ ഇന്ത്യക്ക് വിയര്‍ക്കേണ്ടി വരും. ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ഭീഷണിയായേക്കാവുന്ന അഞ്ച് ഓസീസ് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം
ഡേവിഡ് വാര്‍ണര്‍
ആദ്യ പന്ത് മുതല്‍ ബോളര്‍മാരെ പ്രഹരിക്കാനുള്ള അസാമാന്യ കരുത്ത്. ഓസീസ് നിരയില്‍ ഏറ്റവും ആക്രമകാരിയായ താരം ഡേവിഡ് വാര്‍ണറാണ്. ബംഗ്ലാദേശ് പര്യടനത്തില്‍ സെഞ്ചുറി നേടിയ ഏക ഓസീസ് താരമെന്നത് ഒടുവിലത്തെ ഉദാഹരണം. പിച്ചിന്‍റെ സ്വഭാവം നോക്കാതെ ബോളര്‍മാരെ ശിക്ഷിക്കുന്നതാണ് വാര്‍ണറുടെ രീതി. ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി ബൗളര്‍മാരെ പ്രതിരോധത്തിലാക്കുക എന്നതായിരിക്കും വാര്‍ണറുടെ ലക്ഷ്യം.
സ്റ്റീവ് സ്മിത്ത്
ലോക ക്രിക്കറ്റിലെ ബാറ്റിംഗ് ജീനിയസുകളിലൊരാളായി പേരെഴുതിക്കഴിഞ്ഞു ഓസീസ് നായകന്‍. മൂന്നാം നമ്പറില്‍ വിരാട് കോലിക്കുള്ള ഓസീസിന്‍റെ മറുപടിയാണ് സ്മിത്ത്. ടീമിലെ വിശ്വസ്തനായ സ്മിത്തിന് ദീര്‍ഘ ഇന്നിംഗ്സുകള്‍ കളിക്കാനാകുന്നത് അപകടം സൃഷ്ടിക്കുന്നു. ലോകത്തെ ഏത് വിക്കറ്റിലും പേസിനെയും സ്പിന്നിനെയും അനായാസം കളിക്കാനാകും താരത്തിന്. ഓസ്ട്രലിയ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തുക സ്മിത്തിന്‍റെ ഫോമിന്‍റെ അടിസ്ഥാനത്തിലായിരിക്കും.
ഗ്ലെന്‍ മാക്‌സ്‌വെല്‍
ഓസീസ് മധ്യനിരയിലെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ എന്ന് വിശേഷണം. വേഗതയില്‍ സ്കോര്‍ ചെയ്യാനുള്ള കഴിവും ഐപിഎല്‍ പരിചയവും മാക്‌സ്‌വെല്‍ തുണയാകും. നിര്‍ഭയത്തോടെ ബോളര്‍മാരെ നേരിടുന്ന മാക്‌സ്‌വെല്ലിനെതിരെ പന്തെറിയുക ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പ്രയാസമായിരിക്കും. സ്ഥിരതയില്ലായ്മ മാത്രമായിരിക്കും മാക്‌സ്‌വെല്‍ ബൗളര്‍മാര്‍ക്ക് നല്‍കുന്ന പഴുത്.
പാറ്റ് കമ്മിന്‍സ്
മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെയും ജോഷ് ഹെയ്സല്‍വുഡിന്‍റെയും അഭാവത്തില്‍ ഓസീസ് നിരയുടെ പേസ് ആക്രമത്തിന് നേതൃത്വം നല്‍കുന്നത് കമ്മിന്‍സ്. അഞ്ച് മല്‍സരങ്ങളിലും കമ്മിന്‍സ് കളിക്കുമെന്ന് കോച്ച് പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നത് കമ്മിന്‍സിന്‍റെ പ്രധാന്യം വ്യക്തമാക്കുന്നു. മികച്ച വേഗതയില്‍ യോര്‍ക്കറുകള്‍ എറിയുന്നത് കമ്മിന്‍സിനെ അപകടകാരിയാക്കുന്നു. ആദ്യ ഓവറുകളില്‍ തന്നെ വിരാട് കോലിയെ പുറത്താക്കുക എന്നതാകും താരം ലക്ഷ്യമിടുന്നത്.
ആഡം സാംപ
നിരവധി സ്പിന്‍ ഓള്‍റൗണ്ടര്‍മാരുള്ള ഓസീസ് ടീമിലെ സ്പിന്‍ ആക്രമണത്തിന്‍റെ ചുമതല. ഐപിഎല്ലില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് നേടിയ പ്രകടനത്തോടെ സാംപ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടി. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ ലെഗ് സ്പിന്നറായ സാംപയ്ക്ക് തിളങ്ങാനാകും. പിച്ചില്‍ അവശ്യമായ ടേണ്‍ ലഭിച്ചാല്‍ സാംപയുടെ ഗൂഗ്ലികള്‍ ഇന്ത്യക്ക് ഭീഷണിയാകുമെന്നുറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!