'ഏകദിനത്തില്‍ ആ ചരിത്ര വിജയം ഇന്ത്യ ആവര്‍ത്തിക്കും'; ഓസ്‌ട്രേലിയയെ തള്ളി ഹെയ്‌ഡന്‍

By Web TeamFirst Published Feb 24, 2019, 11:42 AM IST
Highlights

ലോകകപ്പിനുള്ള അന്തിമ ടീമിനെ തെരഞ്ഞെടുക്കാനുള്ള അവസാന പരീക്ഷണ വേദിയാണ് ഇന്ത്യക്കും ഓസ്ട്രേലിയക്കും ഈ പരമ്പര. 

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ നേടുമെന്ന് വിഖ്യാത ബാറ്റ്സ്‌മാന്‍ മാത്യു ഹെയ്‌ഡന്‍. ഏകദിനത്തില്‍ ന്യൂസീലന്‍ഡില്‍ ഇന്ത്യ നേടിയ 4-1ന്‍റെ വിജയം ഓസ്‌ട്രേലിയക്കെതിരെയും ആവര്‍ത്തിക്കും. എന്നാല്‍ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര സമനിലയാകാനാണ് സാധ്യത. ഇരു ടീമും ഓരോ മത്സരങ്ങള്‍ വിജയിക്കുമെന്നാണ് മുന്‍ ഓസീസ് ഓപ്പണര്‍ പറയുന്നത്. 

ഇന്ത്യ- ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാവും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ലോകകപ്പിനുള്ള അന്തിമ ടീമിനെ തെരഞ്ഞെടുക്കാനുള്ള അവസാന പരീക്ഷണ വേദിയാണ് ഇന്ത്യക്കും ഓസ്ട്രേലിയക്കും ഈ പരമ്പര. കിവി നാട്ടില്‍ വിശ്രമം അനുവദിച്ചിരുന്ന നായകന്‍ കോലിയും സൂപ്പര്‍പേസർ ജസ്പ്രീത് ബുംറയും തിരിച്ചെത്തുന്നത് നീലപ്പടയുടെ കരുത്തേറ്റും. 

ഗ്ലെൻ മാക്സ്‍വെൽ, ആരോൺ ഫിഞ്ച് എന്നിവരുടെ ഇന്ത്യൻ പിച്ചുകളിലെ പരിചയം തുണയാവുമെന്നാണ് ഓസീസിന്‍റെ പ്രതീക്ഷ. ബിഗ് ബാഷ് ലീഗിന് ശേഷമെത്തുന്നതിനാൽ ഓസീസ് താരങ്ങളെല്ലാം ട്വന്‍റി 20യുടെ ട്രാക്കിലാണ്. സ്റ്റോണിസിന്‍റെയും ഡാർസി ഷോർട്ടിന്‍റെയും കൂറ്റനടികൾക്കൊപ്പം പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളിംഗ് നിരയുടെ പ്രകടനവും നിർണായകമാവും. 

click me!