രണ്ടാം ട്വന്റി-20 നാളെ മെല്‍ബണില്‍; ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാധ്യത

By Web TeamFirst Published Nov 22, 2018, 1:40 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരം നാളെ മെല്‍ബണില്‍ നടക്കും. ആദ്യ ട്വന്റി-20 ഓസീസിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. ആദ്യ മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ നിരാശപ്പെടുത്തിയ ക്രുനാല്‍ പാണ്ഡ്യയെ പക്ഷെ ടീമില്‍ നിന്നൊഴിവാക്കാനുള്ള സാധ്യത കുറവാണ്.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരം നാളെ മെല്‍ബണില്‍ നടക്കും. ആദ്യ ട്വന്റി-20 ഓസീസിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. ആദ്യ മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ നിരാശപ്പെടുത്തിയ ക്രുനാല്‍ പാണ്ഡ്യയെ പക്ഷെ ടീമില്‍ നിന്നൊഴിവാക്കാനുള്ള സാധ്യത കുറവാണ്.

ഹര്‍ദ്ദീക് പാണ്ഡ്യയുടെയും കേദാര്‍ ജാദവിന്റെയും അഭാവത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമത് ഇറങ്ങാനുള്ള ഒരേയൊരു ഓള്‍ റൗണ്ടറാണ് ക്രുനാല്‍ പാണ്ഡ്യ. ഓസീസിനെപോലൊരു ടീമിനെതിരെ ഒരു ബാറ്റ്സ്മാനെ കുറച്ചു അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങാനുള്ള സാധ്യത കുറവാണ്. അതിനാല്‍ ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ക്രുനാലിനെ ഒഴിവാക്കിയേക്കില്ലെന്നാണ് സൂചന.

എന്നാല്‍ ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെ അന്തിമ ഇലവനില്‍ നിന്നൊഴിവാക്കാനുള്ള സാധ്യതയുണ്ട്. തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയെങ്കിലും മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങിയ ഖലീല്‍ ഒരു അനായാസ ക്യാച്ച് കൈവിടുകയും ചെയ്തിരുന്നു. ലെഗ് സൈഡില്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ കരുത്തരാണെന്നതും ഖലീലിന്റെ ഓവര്‍ ദ് വിക്കറ്റ് ബൗളിംഗ് ഓസീസ് ബാറ്റ്സ്മാന്‍മാര്‍ ഷഫിള്‍ ചെയ്ത് ലെഗ് സൈഡില്‍ കളിക്കുന്നുവെന്നതും ഖലീലിനെ ഒഴിവാക്കാനുള്ള സാധ്യത കൂട്ടുന്നു.

ഖലീലിന് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ഇന്ത്യ അന്തിമ ഇലവനില്‍ കളിപ്പിച്ചേക്കും. മെല്‍ബണിലെ വലിയ ഗ്രൗണ്ടില്‍ സ്പിന്നര്‍മാര്‍ക്കെതിരെ വലിയ ഷോട്ടുകള്‍ കളിച്ചാലും ക്യാച്ചിനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇതിനുള്ള കാരണം. ആദ്യ ട്വന്റി-20യില്‍ ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ ഇന്ത്യയെ കുഴക്കിയതും ചാഹലിന്റെ സാധ്യത കൂട്ടുന്നു. ചാഹല്‍ കളിച്ചില്ലെങ്കില്‍ ഖലീലിന് പകരം പേസും ബൗണ്‍സുമുള്ള വിക്കറ്റില്‍ ഉമേഷ് യാദവിനെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

click me!