
പെര്‍ത്ത്: പെര്‍ത്തിലും കംഗാരുക്കളുടെ തല അരിഞ്ഞിട്ടും വാലു മുറിക്കാനാവാതെ ഇന്ത്യന്‍ ബൗളര്‍മാര്‍. നാലാം ദിനം ആദ്യ സെഷനില്‍ വിക്കറ്റ് വീഴാതെ കാത്ത ഓസീസ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചതാണ്. എന്നാല്‍ ലഞ്ചിനുശേഷം മുഹമ്മദ് ഷമിയുടെ മാസ്മരിക സ്പെല്ലില്‍ ഓസീസ് തകര്‍ന്നടിഞ്ഞപ്പോള്‍ അതിജീവനം കഠിനമായ പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യ 250ന് അപ്പുറം വിജയലക്ഷ്യം പിന്തുടരേണ്ടിവരില്ല എന്നു തോന്നിയെങ്കിലും അവസാന വിക്കറ്റില്‍ 36 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ഇന്ത്യന്‍ ലക്ഷ്യം 280 കടത്തി.
വാലറ്റത്ത് പ്രതിരോധിച്ചു നില്‍ക്കാറുള്ള ലിയോണും കമിന്‍സും വലിയ സംഭാവനകളില്ലാതെ പുറത്തായപ്പോല്‍ ഇന്ത്യ ഒന്ന് ആശ്വസിച്ചതാണ്. ഒമ്പതാം വിക്കറ്റായി നഥാന്‍ ലിയോണ്‍ പുറത്താവുമ്പോള്‍ ഓസീസ് സ്കോര്‍ 207 റണ്‍സില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. അപ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം കൃത്യം 251 റണ്‍സായിരുന്നു. എന്നാല്‍ അവസാന വിക്കറ്റില്‍ അപ്രതീക്ഷിത ചെറുത്തുനില്‍പ്പ് നടത്തിയ ഹേസല്‍വുഡും സ്റ്റാര്‍ക്കും ചേര്‍ന്ന് ഈന്ത്യന്‍ ലക്ഷ്യം 280 കടത്തുകയായിരുന്നു.
ഓരോ റണ്ണിനും വിയര്‍പ്പൊഴുക്കേണ്ട പെര്‍ത്തില്‍ അവസാന വിക്കറ്റില്‍ ഹേസല്‍വുഡും സ്റ്റാര്‍ക്കും കൂട്ടിച്ചേര്‍ത്ത 36 റണ്‍സ് ഇന്ത്യയെ തിരിഞ്ഞുകൊത്തുമെന്നുറപ്പ്. 24 പന്തില്‍ 16 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഹേസല്‍വുഡും 29 പന്തില്‍ 14 റണ്‍സെടുത്ത സ്റ്റാര്‍ക്കും അവസാന നിമിഷം വരെ പൊരുതി നോക്കാനുള്ള ഓസീസ് മനോവിര്യമാണ് പ്രകടമാക്കിയത്.
ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും എതിര്‍ ടീമിന്റെ വാലറ്റത്തെ വീഴ്ത്താനുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ ബലഹീനത വ്യക്തമായതാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ 202 റണ്‍സിന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും വാലറ്റത്തിന്റെ ബാറ്റിംഗ് മികവില്‍ അവര്‍ 286 റണ്‍സിലെത്തി. ആ ടെസ്റ്റില്‍ ഇന്ത്യ തോറ്റതാകട്ടെ 72 റണ്‍സിനും. പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത് 2-1നും. ഇംഗ്ലണ്ടില്‍ ഏഴാമനായി ഇറങ്ങുന്ന സാം കറന്റെ ബാറ്റിംഗാണ് ആ പരമ്പരയുടെ പോലും വിധി നിര്‍ണയിച്ചത്. ഇംഗ്ലീഷ് മുന്‍നിരയെ 90 റണ്‍സിനുള്ളില്‍ പുറത്താക്കിയിട്ടും സാം കറന്റെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് വീണ്ടുമൊരു 90 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യ ഈ ടെസ്റ്റ് തോറ്റത് 31 റണ്‍സിനായിരുന്നു.
ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ 187 റണ്‍സിന് ഓസീസിന്റെ മുന്‍നിരയെ വീഴ്ത്തിയിട്ടും വാലറ്റം 105 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയെ വെള്ളം കുടിപ്പിച്ചിരുന്നു. ആ ടെസ്റ്റ് 31 റണ്‍സ് ഇന്ത്യ ജയിച്ചുവെങ്കിലും അതിനുമുമ്പ് ഓസീസ് വാലറ്റം ഇന്ത്യയെ വിറപ്പിച്ചിരുന്നു.
പെര്‍ത്തില്‍ ആദ്യ ഇന്നിംഗ്സിലും 250 റണ്‍സെത്തുമ്പോഴേക്കും ആറ് വിക്കറ്റ് നഷ്ടമായ ഓസീസ് വാലറ്റത്തിന്റെ മികവിലാണ് 326 റണ്‍സിലെത്തിയത്. അതേസമയം, ഇന്ത്യ വാലറ്റമാകട്ടെ എതിരാളികള്‍ക്ക് മുന്നില്‍ പ്രതിരോധമില്ലാതെ അതിവേഗം കീഴടങ്ങുകയും ചെയ്യുന്നു. എതിരാളികളുടെ തലയരിഞ്ഞിട്ടും വാലു മുറിക്കാന്‍ കഴിയാതിരുന്നാല്‍ ഈ പരമ്പരയിലും ഇന്ത്യ വിയര്‍ക്കുമെന്നുറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!