ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലെ വിവാദ റണ്ണൗട്ടിന് പിന്നാലെ രോഷപ്രകടനം നടത്തിയ പാക് താരം സല്‍മാന്‍ അലി അഗയ്ക്ക് മാച്ച് റഫറി താക്കീത് നൽകി. 

കറാച്ചി: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലെ വിവാദ റണ്ണൗട്ടിന് പിന്നാലെ മൈതാനത്ത് രോഷപ്രകടനം നടത്തിയ പാകിസ്ഥാന്‍ ബാറ്റര്‍ സല്‍മാന്‍ അലി അഗയ്ക്ക് മാച്ച് റഫറിയുടെ താക്കീത്. ഔട്ടായി മടങ്ങുന്നതിനിടെ ദേഷ്യത്തോടെ ഹെല്‍മെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞതിനാണ് മാച്ച് റഫറി നിയാമുര്‍ റഷീദ് താരത്തിനെതിരെ നടപടിയെടുത്തത്. ക്രിക്കറ്റ് ഉപകരണങ്ങളെ ദുരുപയോഗം ചെയ്തതിന് ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനമാണ് താരത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സല്‍മാന്‍ അഗയുടെ അക്കൗണ്ടില്‍ ഒരു ഡെമെറിറ്റ് പോയിന്റും ചേര്‍ത്തു.

മാച്ച് റഫറിയുടെ വിശദീകരണം... ''സല്‍മാന്‍ അഗയ്ക്ക് മുന്‍പ് ഇത്തരം ചരിത്രമില്ലെങ്കിലും വിധി നിര്‍ണ്ണയത്തില്‍ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്. മൈതാനത്ത് ക്രിക്കറ്റ് ഉപകരണങ്ങളോട് മോശമായി പെരുമാറിയതിനാണ് താരത്തിന് താക്കീതും ഡെമെറിറ്റ് പോയിന്റും നല്‍കിയത്.'' മാച്ച് റഫറി വ്യക്തമാക്കി. അതേസമയം, ബംഗ്ലാദേശ് താരങ്ങളുമായി ഉണ്ടായ വാക് തര്‍ക്കത്തില്‍ മറ്റ് നടപടികള്‍ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തായിരുന്നു വിവാദ റണ്ണൗട്ട്?

പാകിസ്ഥാന്‍ ഇന്നിംഗ്സിന്റെ 39-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. സല്‍മാന്‍ അഗയും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 109 റണ്‍സിന്റെ ശക്തമായ കൂട്ടുകെട്ടുമായി പാകിസ്ഥാനെ 230/3 എന്ന സുരക്ഷിത നിലയില്‍ എത്തിച്ചിരുന്നു. മെഹ്ദി ഹസന്‍ എറിഞ്ഞ പന്ത് സ്‌ട്രൈക്കിംഗ് എന്‍ഡിലായിരുന്ന റിസ്വാന്‍ നേരെ മുന്നോട്ട് അടിച്ചു. പന്ത് പിടിക്കാന്‍ ശ്രമിച്ച മെഹ്ദി നോണ്‍-സ്‌ട്രൈക്കിംഗ് എന്‍ഡിലായിരുന്ന സല്‍മാന്‍ അഗയുടെ കാലിന് താഴെവെച്ചാണ് പന്ത് തടുത്തത്. വീണുകിടന്ന മെഹ്ദിക്ക് പന്തെടുത്തുകൊടുക്കാന്‍ സല്‍മാന്‍ അഗ കുനിയുന്നതിനിടെ പന്ത് കൈക്കലാക്കിയ മെഹ്ദ് സ്റ്റംപ് തെറിപ്പിച്ച് റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തു. ഈ സമയം ക്രീസിന് പുറത്തായിരുന്നു അഗ.

തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ പ്രകോപിതനായ സല്‍മാന്‍ അഗയും ബംഗ്ലാദേശ് താരങ്ങളായ മെഹ്ദി ഹസനും ലിറ്റണ്‍ ദാസും തമ്മില്‍ മൈതാനത്ത് വാക് തര്‍ക്കമുണ്ടായി. ഒടുവില്‍ മുഹമ്മദ് റിസ്വാന്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 62 പന്തില്‍ 64 റണ്‍സ് എടുത്ത് നില്‍ക്കെയായിരുന്നു സല്‍മാന്റെ പുറത്താകല്‍.

YouTube video player