ബൂംമ്ര പേടി സ്വപ്നം; പൂജാരയാണ് പരമ്പരയുടെ താരമെന്ന് മുന്‍ ഓസീസ് താരം

By Web TeamFirst Published Jan 1, 2019, 6:05 PM IST
Highlights

ബൂംമ്ര ഏത് ബാറ്റിംഗ് നിരക്കും പേടി സ്വപ്നമാണ്. നിങ്ങള്‍ ഏത് ബാറ്റ്സ്മാനോട് വേണമെങ്കിലും ചോദിച്ചു നോക്കു, ഏറ്റവും അപകടകാരിയായ ബൗളര്‍മാരിലൊരാളാണ് ബൂംമ്രയെന്ന് അവര്‍ പറയും. കൃത്യതയും വേഗവും പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യിക്കാനുള്ള കഴിവും ബൂംമ്രയെ കൂടുതല്‍ അപകടകാരിയാക്കുന്നു

സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ജസ്പ്രീത് ബൂംമ്രയുടെയും ചേതേശ്വര്‍ പൂജാരയുടെയും പ്രകടനങ്ങളെ പുകഴത്തി മുന്‍ ഓസീസ് താരം ബ്രാഡ് ഹോഡ്ജ്. ബൂംമ്ര ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നമാണെന്ന് പറഞ്ഞ ഹോഡ്ജ് മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും വ്യക്തമാക്കി.

ഇരു ടീമുകളുടെയും ബൗളിംഗ് മികവുറ്റതാണ്. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ സെഷനും മെല്‍ബണില്‍ മായങ്ക് അഗര്‍വാളിന്റെ ഇന്നിംഗ്സും ഒഴിച്ചുനിര്‍ത്തിയാല്‍ ഇരു ടീമുകളുടെയും ഓപ്പണര്‍മാര്‍ ശരിക്കും വെള്ളം കുടിച്ച പരമ്പരയാണിത്. അതുകൊണ്ടാണ് മൂന്നാം നമ്പറിലിറങ്ങുന്ന പൂജാരയുടെ പ്രകടനം നിര്‍ണായകമാവുന്നത്. പൂജാര വിക്കറ്റ് വെറുതെ വലിച്ചെറിഞ്ഞില്ലെന്ന് മാത്രമല്ല, കളിയിലെ കൂടുതല്‍സമയം അപഹരിക്കുകയും ചെയ്തു.

ബൂംമ്ര ഏത് ബാറ്റിംഗ് നിരക്കും പേടി സ്വപ്നമാണ്. നിങ്ങള്‍ ഏത് ബാറ്റ്സ്മാനോട് വേണമെങ്കിലും ചോദിച്ചു നോക്കു, ഏറ്റവും അപകടകാരിയായ ബൗളര്‍മാരിലൊരാളാണ് ബൂംമ്രയെന്ന് അവര്‍ പറയും. കൃത്യതയും വേഗവും പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യിക്കാനുള്ള കഴിവും ബൂംമ്രയെ കൂടുതല്‍ അപകടകാരിയാക്കുന്നു. ബൂംമ്രയുടെ മികവിനെ ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം കപിലിന്റെ മികവുമായി ഇപ്പോഴെ താരതമ്യം ചെയ്തു തുടങ്ങി. ബൂംമ്ര ടെസ്റ്റില്‍ അരങ്ങേറിയിട്ട് 12 മാസമെ ആയുള്ളു എന്നോര്‍ക്കണം. ടെസ്റ്റ് കളിക്കാനുള്ള ക്ഷമയും മികവും പുറത്തെടുക്കാതെ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ സ്വയം കുഴി തോണ്ടുകയായിരുന്നു,

ആദ്യ മൂന്ന് ടെസ്റ്റിലും പരാജയപ്പെട്ടെങ്കിലും സിഡ്നി ടെസ്റ്റില്‍ നിന്ന് ആരോണ്‍ ഫിഞ്ചിനെ ഒഴിവാക്കരുതെന്നും ഹോഡ്ജ് പറഞ്ഞു. ഫിഞ്ചിനെ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറ്റി നാലാമതോ അഞ്ചാമതോ ഇറക്കുന്നതാകും ഉചിതമെന്നും ഹോഡ്ജ് പറഞ്ഞു.

click me!