രാഹുലിന് വീണ്ടും അവസരം നല്‍കാനുള്ള കാരണം വ്യക്തമാക്കി ചീഫ് സെലക്ടര്‍

By Web TeamFirst Published Feb 18, 2019, 11:08 PM IST
Highlights

ഫോമിലുള്ള ദിനേശ് കാര്‍ത്തിക്കിനെ പുറത്തിരുത്തിയാണ് രാഹുലിനെ ടീമിലെടുത്തത്. ഇതിനെക്കുറിച്ചാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വിശദീകരിച്ചത്.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചത് കെ എല്‍ രാഹുലിനെ ടീമിലെടുക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനമായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ രണ്ടു ടെസ്റ്റിലും ദയനീയമായി പരാജയപ്പെട്ട് ടീമില്‍ നിന്ന് പുറത്തായ രാഹുല്‍ കോഫി വിത്ത് കരണ്‍ ടിവി ഷോയിലെ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ടീമില്‍ നിന്നു പുറത്തായിരുന്നു.

പിന്നീട് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരയില്‍ അവസരം നല്‍കിയപ്പോഴും ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയ രാഹുലിനെ സെലക്ടര്‍മാര്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമിലെടുക്കുകയായിരുന്നു. ഫോമിലുള്ള ദിനേശ് കാര്‍ത്തിക്കിനെ പുറത്തിരുത്തിയാണ് രാഹുലിനെ ടീമിലെടുത്തത്. ഇതിനെക്കുറിച്ചാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വിശദീകരിച്ചത്.

ലോകകപ്പിന് മൂന്നാം ഓപ്പണര്‍ അനിവാര്യമാണെന്നും ഓസ്ട്രേലിയക്കെതിരെ ഫോം തെളിയിക്കാന്‍ രാഹുലിന് അവസരം നല്‍കാന്‍ വേണ്ടിയാണ് ടീമിലെടുത്തതെന്നും പ്രസാദ് പറഞ്ഞു. ലോകകപ്പ് ടീമിലെത്തണമെങ്കില്‍ രാഹുല്‍ ഫോം തെളിയിക്കണം. ഓസ്ട്രേലിയക്കെതിരെ അതിനുള്ള അവസരമുണ്ട്. ലോകകപ്പില്‍ മൂന്നാമതൊരും ഓപ്പണറില്ലാതെ ടീം തെരഞ്ഞെടുക്കാനാവില്ല. അതുകൊണ്ടുതന്നെ രാഹുലിന്റെ ഫോം ഏറെ നിര്‍ണായകമാണെന്നും പ്രസാദ് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ മൂന്നാം ഓപ്പണര്‍ ആരായിരിക്കണമെന്നതിനെച്ചൊല്ലി നിലവില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ദിനേശ് കാര്‍ത്തിക്കിനെ മൂന്നാം ഓപ്പണറാക്കണമെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പറയുമ്പോള്‍ ഋഷഭ് പന്തിനെ ഓപ്പണറാക്കണമെന്ന് മുന്‍ ഓസീസ് നായകന്‍ ഷെയ്ന്‍ വോണ്‍ അഭിപ്രായപ്പെട്ടു.

click me!