
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗാണെന്ന് ഇതിഹാസ താരങ്ങളടക്കം എല്ലാവരും പറയുമ്പോള്‍ വ്യത്യസ്ത അഭിപ്രായവുമായി മുന്‍ നായകന്‍ സ്റ്റീവ് വോ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള പ്രധാന വ്യത്യാസം ജസ്പ്രീത് ബൂംമ്രയുടെ ബൗളിംഗാണെന്നാണ് വോ പറയുന്നത്. ബൂംമ്ര ഒരു പ്രതിഭാസമാണ്. അത് തന്നെയാണ് ഈ പരമ്പരയില്‍ ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസവും-വോ പറഞ്ഞു.
നിര്‍ണായക സമയത്ത് വിക്കറ്റ് നേടാനും മികച്ച ലൈനിലും ലെംഗ്തിലും നീണ്ട സ്പെല്ലുകള്‍ എറിയാനും ബൂംമ്രക്കാവും. ഇന്ത്യയുടെ ബൗളിംഗ് ആക്രമണം അസാമാന്യ മികവാണ് പുറത്തെടുത്തത്. ബാറ്റിംഗില്‍ ചേതേശ്വര്‍ പൂജാരയാണ് അവരുടെ നട്ടെല്ലായത്. പൂജാര നിലയുറപ്പിച്ച് കളിച്ചപ്പോള്‍ കോലിയും കൂട്ടരും റണ്‍സടിച്ചു കൂട്ടി. ടീമെന്ന നിലയിലും ഇന്ത്യ മികച്ച ഒത്തിണക്കം കാട്ടി. പരസ്പര പൂരകങ്ങളായി കളിച്ചതിനൊപ്പം അവര്‍ക്ക് കരുത്തനായൊരു ക്യാപ്റ്റനുമുണ്ടായിരുന്നു.
ഇന്ത്യയുടെ തന്ത്രങ്ങളും മികച്ചതായിരുന്നു. ഈ പരമ്പരയില്‍ എങ്ങനെ മുന്നോട്ടു പോകണമെന്ന് അവര്‍ക്ക് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. പൂജാര കളിച്ചതുപോലൊരു ഇന്നിംഗ്സ് സിഡ്നിയില്‍ കളിക്കാന്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ വെല്ലുവിളിക്കുന്നുവെന്നും സ്റ്റീവ് വോ പറഞ്ഞു. ഇന്ത്യക്കു വേണ്ടി പൂജാര കളിച്ചതുപോലൊരു ഇന്നിംഗ്സ് കളിക്കാന്‍ ഖവാജയെ ഞാന്‍ വെല്ലുവിളിക്കുന്നു. ഈ മത്സരത്തില്‍ ഖവാജ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റീവ് വോ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!