ഓസ്ട്രേലിയക്ക് വീണ്ടും നാണക്കേട്; പെര്‍ത്തിന് പിന്നാലെ മെല്‍ബണും ഐസിസി മാര്‍ക്കിട്ടു

By Web TeamFirst Published Jan 1, 2019, 12:26 PM IST
Highlights

എങ്കിലും മെല്‍ബണ് ഒരു കാര്യത്തില്‍ ആശ്വസിക്കാന്‍ വകയുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും-ഓസ്ട്രേലിയയും തമ്മില്‍  വലിയ സ്കോര്‍ പിറന്ന്, വിരസ സമനിലയായ മത്സരത്തിലെ പിച്ചിന് മൂന്ന് ഡിമെറിറ്റ് പോയന്റ് നല്‍കിയ ഐസിസി ഇത്തവണ ശരാശരി മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

മെല്‍ബണ്‍: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് മറ്റൊരു നാണക്കേട് കൂടി. പെര്‍ത്ത് പിച്ചിന് ശരാശരി മാര്‍ക്ക് മാത്രം കൊടുത്തതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ഐസിസി മെല്‍ബണും നല്‍കിയത് ശരാശരി മാര്‍ക്ക്.

എങ്കിലും മെല്‍ബണ് ഒരു കാര്യത്തില്‍ ആശ്വസിക്കാന്‍ വകയുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും-ഓസ്ട്രേലിയയും തമ്മില്‍  വലിയ സ്കോര്‍ പിറന്ന്, വിരസ സമനിലയായ മത്സരത്തിലെ പിച്ചിന് മൂന്ന് ഡിമെറിറ്റ് പോയന്റ് നല്‍കിയ ഐസിസി ഇത്തവണ ശരാശരി മാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍തന്നെ ഇത്തവണ ഡീമെറിറ്റ് പോയന്റില്ല. ഐസിസി നിയമപ്രകാരം അഞ്ച് ഡിമെറിറ്റ് പോയന്റ് ലഭിച്ചാല്‍ സ്റ്റേഡിയത്തിന് രാജ്യാന്തര പദവി നഷ്ടമാവും.

മെല്‍ബണിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ആദ്യ രണ്ട് ദിനം ബാറ്റ് ചെയ്ത ഇന്ത്യ 443 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. ചില പന്തുകള്‍ ഉയര്‍ന്നുപൊങ്ങിയും ചില പന്തുകള്‍ താഴ്ന്നു പറന്നും പെര്‍ത്തിലേതുപോലെ മെല്‍ബണും ബാറ്റ്സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു. എന്നാല്‍ മെല്‍ബണിലെ അവസാന മൂന്ന് ദിവസം പിച്ച് ശരാശരി നിലവാരം പുലര്‍ത്തി.

ഐസിസി ശരാശരി മാര്‍ക്കിട്ടെങ്കിലും അടുത്ത സീസണുശേഷം 15 വര്‍ഷം പഴക്കമുള്ള മെല്‍ബണിലെ പിച്ച് വീണ്ടും പുതുക്കി പണിയാനുള്ള തീരുമാനത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയ ജയിച്ച പെര്‍ത്ത് ടെസ്റ്റിലെ പിച്ചിന് ശരാശരി മാര്‍ക്ക് നല്‍കിയ ഐസിസി നടപടിക്കെതിരെ മുന്‍കാല താരങ്ങള്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

click me!