
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ച കൗമാരതാരമാണ് പൃഥ്വി ഷാ. എന്നാല്‍ ആദ്യ ടെസ്റ്റിനു മുമ്പുള്ള പരിശീലന മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ് ഷാ മടങ്ങിയതോടെ ഇന്ത്യയുടെ പദ്ധതികളിലും മാറ്റും വരുത്താന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതരായി. അടുത്തിടെയായി ഫോമിലല്ലാത്ത കെ എല്‍ രാഹുല്‍ തന്നെയാണ് മുരളി വിജയ്‌ക്കൊപ്പം അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. എന്നാല്‍ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പൃഥ്വി ഷാ കളിക്കാന്‍ സാധ്യയതയുണ്ടോ എന്ന കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.
പൃഥ്വി ഷാ പതുക്കെ നടക്കാന്‍ തുടങ്ങിയെന്ന് ഓസീസ് വെബ്‌സൈറ്റിന് നല്‍കി അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു. പരിശീലന മത്സരത്തിനിടെ മുടന്തി മടങ്ങിയ പൃഥ്വിയുടെ ദൃശ്യം ഹൃദയഭേദകമായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു. പതുക്കെ നടന്നു തുടങ്ങി ഷാക്ക് ഈ ആഴ്ച അവസാനത്തോടെ ചെറിയ രീതിയില്‍ ഓടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശുഭ സൂചനയാണെന്നും ശാസ്ത്രി പറഞ്ഞു.
ചെറിയ പ്രായമായതിനാല്‍ പൃഥ്വി ഷാക്ക് വളരെ വേഗം പരിക്കില്‍ നിന്ന് മോചിതനാവാനായേക്കും. പെര്‍ത്തില്‍ ഷാക്ക് കളിക്കാന്‍ പറ്റുമോ എന്നത് മത്സരത്തിന് തൊട്ടുമുമ്പ് മാത്രമെ തീരുമാനിക്കൂവെന്നും ശാസ്ത്രി പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയുമായി അരങ്ങേറ്റംകുറിച്ച 18കാരനായ ഷായില്‍ ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. പരിശീലന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലും അര്‍ധസെഞ്ചുറിയുമായി ഷാ തിളങ്ങിയിരുന്നു. വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് നാലു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!