വീണ്ടും ധോണിയെ മറികടന്ന് പുതിയ റെക്കോര്‍ഡിട്ട് റിഷഭ് പന്ത്

By Web TeamFirst Published Dec 16, 2018, 5:49 PM IST
Highlights

ഓസീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് ഷാമിയുടെ പന്തില്‍ ഷോണ്‍ മാര്‍ഷിനെ പിടികൂടിയപ്പോഴാണ് റിഷഭ് പന്ത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഈ പരമ്പരയില്‍ ഇതുവരെ 15 പേരെയാണ് റിഷഭ് പന്ത് ക്യാച്ചിലൂടെ മാത്രം പുറത്താക്കിയത്.

പെര്‍ത്ത്: പെര്‍ത്തിലെ അതിവേഗ പിച്ചില്‍ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്റെ റെക്കോര്‍ഡ് പ്രകടനം തുടരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 11 ക്യാച്ചുകളുമായി ലോക റെക്കോര്‍ഡിനൊപ്പമെത്തിയ പന്ത്  രണ്ടാം ടെസ്റ്റില്‍ നാലു ക്യാച്ചുകള്‍ കൂടി എടുത്തതോടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ഇരകളെ സ്വന്തമാക്കുന്ന ഇന്ത്യന്‍ കീപ്പറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

ഓസീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് ഷാമിയുടെ പന്തില്‍ ഷോണ്‍ മാര്‍ഷിനെ പിടികൂടിയപ്പോഴാണ് റിഷഭ് പന്ത് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഈ പരമ്പരയില്‍ ഇതുവരെ 15 പേരെയാണ് റിഷഭ് പന്ത് ക്യാച്ചിലൂടെ മാത്രം പുറത്താക്കിയത്. 1979/80 പരമ്പരയില്‍ സയ്യിദ് കിര്‍മാനിയും(11 ക്യാച്ച് മൂന്ന് സ്റ്റംപിംഗും), 2012-2013 പരമ്പരയില്‍ എംഎസ് ധോണിയും(9 ക്യാച്ച് അഞ്ച് സ്റ്റംപിംഗ്), 2016-17 പരമ്പരയില്‍ വൃദ്ധിമാന്‍ സാഹയും(13 ക്യാച്ച് ഒറു സ്റ്റംപിംഗ്) 14 പുറത്താകലുകളില്‍ പങ്കാളികളായിരുന്നു.

ഈ റെക്കാര്‍ഡാണ് പന്ത് രണ്ടാം ടെസ്റ്റില്‍ തന്നെ മറികടന്നത്. ധോണിയും കിര്‍മാനിയും സാഹയും സ്റ്റംപിംഗുകളിലും പങ്കാളികളായിരുന്നെങ്കില്‍ റിഷഭ് പന്തിന്റേത് എല്ലാം ക്യാച്ചുകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. അഡ്‌ലെയ്ഡില്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് ക്യാച്ചുകളെടുത്ത പന്ത് ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ ആറ് ക്യാച്ചുകളെടുക്കുന്ന ആദ്യ ഇന്ത്യന്‍ കീപ്പറെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഓസീസിന്റെ ആദ്യ ഇന്നിംഗ്സില്‍ ഹനുമാ വിഹാരിയുടെ പന്തില്‍ ഷോണ്‍ മാര്‍ഷിനെ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ പന്തിനെ റെക്കോര്‍ഡിലേക്ക് നേരത്തെ എത്താമായിരുന്നു.

click me!