ക്രുനാല്‍ പാണ്ഡ്യ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി; ഇന്ത്യയുടെ വിജയലക്ഷ്യം 165

By Web TeamFirst Published Nov 25, 2018, 2:57 PM IST
Highlights

നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഓസീസിനെ പിടിച്ചുകെട്ടിയത്. 33 റണ്‍സ് നേടിയ ഷോര്‍ട്ടിനെ പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുടുക്കി. മക്ഡര്‍മോട്ടിനെ റണ്‍സെടുക്കും മുമ്പെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പാണ്ഡ്യ 13 റണ്‍സെടുത്ത മാക്സ്വെല്ലിനെ രോഹിതിന്‍റെ കയ്യിലുമെത്തിച്ചു. ഓസ്ട്രേലിയയുടെ പ്രത്യാക്രമണത്തിന് ശ്രമിച്ച അലക്സ് കാരെയെ കോലിയുടെ കയ്യിലുമെത്തിച്ചു

സിഡ്‌നി: ഓസ്ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റ് വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് ഓസീസിനെ പിടിച്ചുകെട്ടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കംഗാരുക്കള്‍ക്ക് വേണ്ടി ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ജോണ്‍ ഷോര്‍ട്ടും മികച്ച് പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ മികച്ച തുടക്കം മുതലാക്കാനാക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചില്ല. 

8.3 ഓവറില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഓസ്ട്രേലിയയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 28 റണ്‍സ് നേടിയ ഫിഞ്ചിനെ കുല്‍ദീപ് പാണ്ഡ്യയുടെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നീട് പാണ്ഡ്യയുടെ അവസരമായിരുന്നു. 33 റണ്‍സ് നേടിയ ഷോര്‍ട്ടിനെ പാണ്ഡ്യ ആദ്യം  വിക്കറ്റിന് മുന്നില്‍ കുടുക്കി. മക്ഡര്‍മോട്ടിനെ റണ്‍സെടുക്കും മുമ്പെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പാണ്ഡ്യ 13 റണ്‍സെടുത്ത മാക്സ്വെല്ലിനെ രോഹിതിന്‍റെ കയ്യിലുമെത്തിച്ചു. ഓസ്ട്രേലിയയുടെ പ്രത്യാക്രമണത്തിന് ശ്രമിച്ച അലക്സ് കാരെയെ കോലിയുടെ കയ്യിലുമെത്തിച്ച പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ ഹിറോയായി. 27 റണ്‍സ് നേടിയാണ് കാരെ മടങ്ങിയത്. 4 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തിയത്.

വാലറ്റത്ത് 25 റണ്‍സ് നേടിയ സ്റ്റോയിന്‍സിന്‍റെ പ്രകടനമാണ് കംഗാരുക്കളെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. സിഡ്നിയിൽ പോര് മുറുകുമ്പോള്‍ സമ്മർദം ഇന്ത്യക്കാണ്. പരമ്പരയിൽ പിന്നിട്ടുനിൽക്കുന്ന ഇന്ത്യക്ക് ഒപ്പമെത്താൻ ഇന്ന് ജയിച്ചേ മതിയാവൂ. ആദ്യ കളിയിൽ ഇന്ത്യ പൊരുതിത്തോറ്റപ്പോൾ രണ്ടാം മത്സരം മഴയെടുത്തു. ഡിസംബ‍ർ ആറിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ സിഡ്നിയിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 

രോഹിത്- ധവാൻ കൂട്ടുകെട്ട് നൽകുന്ന തുടക്കമാവും ബാറ്റിംഗിൽ നിർണായകമാവുക. 2016ൽ ഇതേവേദിയില്‍ നടന്ന മത്സരത്തിൽ ഓസീസിന്‍റെ 198 റൺസ് പിന്തുട‍ർന്ന് ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യ കഴിഞ്ഞ കളിയിലെ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയ പരുക്കേറ്റ ബിൽ സ്റ്റാൻലേക്കിന് പകരം മിച്ചൽ സ്റ്റാർക്കിനെ ടീമിൽ ഉൾപ്പെടുത്തി.

click me!