വിക്കറ്റില്‍ 'ആറാടി' ചാഹല്‍; ആശാനെ പിന്നിലാക്കി ലോക റെക്കോര്‍ഡ്

By Web TeamFirst Published Jan 18, 2019, 1:29 PM IST
Highlights

മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിനൊപ്പമെത്താനും ചാഹലിനായി. മെല്‍ബണില്‍ അജിത് അഗാര്‍ക്കറും മുമ്പ് ഇന്ത്യക്കായി 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തിട്ടുണ്ട്.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ലോക റെക്കോര്‍ഡ്. ഓസീസ് മണ്ണില്‍ ഏകദിനങ്ങളില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തിരുന്ന ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ റെക്കോര്‍ഡാണ് ചാഹല്‍ ഇന്ന് മറികടന്നത്. 1991ല്‍ പെര്‍ത്തിലായിരുന്നു രവി ശാസ്ത്രിയുടെ നേട്ടം.

മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിനൊപ്പമെത്താനും ചാഹലിനായി. മെല്‍ബണില്‍ അജിത് അഗാര്‍ക്കറും മുമ്പ് ഇന്ത്യക്കായി 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ചാഹലിന്റെ കരിയറിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

ആദ്യ രണ്ട് ഏകദിനങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന ചാഹല്‍ കുല്‍ദീപ് യാദവിന് പകരമാണ് മൂന്നാം ഏകദിനത്തിനുള്ള ടീമിലെത്തിയത്. ഷോണ്‍ മാര്‍ഷിനെ വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ചാഹല്‍ ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്റ്റോയിനസ്, പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, ജേ റിച്ചാര്‍ഡ്സണ്‍, ആദം സാംപ എന്നിവരെയും മടക്കിയാണ് വിക്കറ്റില്‍ ആറാടിയത്.

click me!