
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആധികാരിക ജയത്തോടെ ടെസ്റ്റ് വിജയങ്ങളില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡും തകര്‍ത്ത് വിരാട് കോലി. ഇംഗ്ലണ്ടിനെതിരെ നേടിയ 203 റണ്‍സ് ജയം ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 22-ാം ടെസ്റ്റ് ജയമാണ്. 38 ടെസ്റ്റില്‍ നിന്നാണ് കോലി 22 ജയങ്ങള്‍ സ്വന്തമാക്കിയത്. നായകനെന്ന നിലയില്‍ 49 ടെസ്റ്റില്‍ നിന്ന് 21 വിജയങ്ങള്‍ നേടിയിട്ടുള്ള ഗാംഗുലിയുടെ റെക്കോര്‍ഡാണ് ഇതോടെ കോലി മറികടന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ 60 മത്സരങ്ങളില്‍ ഇന്ത്യക്കായി 27 ടെസ്റ്റില്‍ വിജയം നേടിയിട്ടുള്ള എംഎസ് ധോണി മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. എന്നാല്‍ വിദേശത്തെ വിജയങ്ങളില്‍ ധോണിക്കും കോലിക്കും മുമ്പിലാണ് ഇപ്പോഴും കോലി. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയ 21 വിജയങ്ങളില്‍ 11 ഉം വിദേശത്തായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയിലാകട്ടെ വിദേശത്ത് ആറ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്.
2014 ഡിസംബറില്‍ ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനെത്തുടര്‍ന്നാണ് കോലി ഇന്ത്യന്‍ നായകനായത്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ നാട്ടില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ ഇന്ത്യ പരമ്പര നേടി. എന്നാല്‍ വിദേശത്ത് ശ്രീലങ്കക്കും വെസ്റ്റ് ഇന്‍ഡീസിനും എതിരെ മാത്രമാണ് കോലിക്ക് പരമ്പര സ്വന്തമാക്കാനായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!