
സതാംപ്ടണ്‍: ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കാനാവാത്തതിനെക്കുറിച്ച് മനസുതുറന്ന് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സന്‍. സ്വിംഗും സീം മൂവ്മെന്റും ഉണ്ടെങ്കില്‍ കോലിയെ സമ്മര്‍ദ്ദത്തിലാക്കാനാവുമെന്ന് ആന്‍ഡേഴ്സന്‍ പറഞ്ഞു. ഈ പരമ്പരയില്‍ രണ്ടോ മൂന്നോ തവണ എന്റെ പന്തില്‍ കോലിയെ ഞങ്ങള്‍ കൈവിടുകയും ചെയ്തു.
അത് ശരിക്കും എന്നെ അസ്വസ്ഥനാക്കി. ഇതൊക്കെയാണെങ്കിലും കോലി ഈ പരമ്പരയില്‍ പുറത്തെടുത്ത മികവിനെ അംഗീകരിച്ചേ മതിയാവു. മികവുറ്റ കളിക്കാരനാണ് അദ്ദേഹം-നാലാം ടെസ്റ്റിനുശേഷം ആന്‍ഡേഴ്സന്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന പേസ് ബൗളറെന്ന ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ 36കാരനായ ആന്‍ഡേഴ്സന് ഇനി അഞ്ച് വിക്കറ്റ് കൂടി മതി.
2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആന്‍ഡേഴ്സന്റെ സ്വിംഗിന് മുന്നില്‍ കോലി മുട്ടുമടക്കിയെങ്കിലും ഈ പരമ്പരയില്‍ ഇതുവരെ നടന്ന നാലു ടെസ്റ്റിലും ആന്‍ഡേഴ്സന് കോലിയുടെ വിക്കറ്റെടുക്കാനായിരുന്നില്ല.
പരമ്പരയില്‍ ഇതുവരെ രണ്ടു സെഞ്ചുറി ഉള്‍പ്പെടെ 544 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബാറ്റിംഗില്‍ അമ്പേ പരജായപ്പെട്ട കോലി ഇത്തവണ പരമ്പരയുടെ തന്നെ ടോപ് സ്കോററാവുകയും ചെയ്തു. 2014ലെ പരാജയം ഇത്തവണ കോലിയെ വേട്ടയാടുമെന്ന് ടെസ്റ്റ് പരമ്പരയുടെ തുടക്കത്തില്‍ ആന്‍ഡേഴ്സന്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!