കരുത്ത് കാട്ടി അശ്വിനും ഷമിയും; ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി കോലിപ്പട

Published : Aug 01, 2018, 10:24 PM IST
കരുത്ത് കാട്ടി അശ്വിനും ഷമിയും; ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി കോലിപ്പട

Synopsis

അശ്വിന് മൂന്ന് വിക്കറ്റ്, ഷമിക്ക് രണ്ട് വിക്കറ്റ്

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന്‍റെ ഒന്നാം ദിവസം ആവേശകരം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന്‍റെ മധ്യനിരയില്‍ നായകന്‍ റൂട്ടും ബെയര്‍സ്റ്റോയും മികച്ച പ്രകടനമാണ് പുറത്തെടുത്തെങ്കിലും അവസാന സെഷനില്‍ ഇന്ത്യ പിടിമുറുക്കുന്നു.

കൂറ്റന്‍ സ്കോറിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ അശ്വിനും ഷമിയും ചേര്‍ന്നാണ് പിടിച്ചുകെട്ടിയത്. 3 ന് 216 എന്ന ശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിന്‍റെ നാല് വിക്കറ്റുകള്‍ 27 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കോലിപ്പട വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 7 ന് 269 എന്ന നിലയിലാണ്.

അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി രണ്ട് വിക്കറ്റുകളുമായി ശക്തമായ പിന്തുണ നല്‍കി. മികച്ച ഫോമില്‍ മുന്നേറിയ നായകന്‍ ജോ റൂട്ടിനെ കോലി റണ്ണൗട്ടാക്കിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 156 പന്തില്‍ 80 റണ്‍സ് നേടിയാണ് റൂട്ട് മടങ്ങിയത്. ബെയര്‍സ്റ്റോ 70 റണ്‍സ് നേടി നായകന് മികച്ച പിന്തുണ നല്‍കി. 

നേരത്തെ സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ലഞ്ചിന് ശേഷം ഷമിയിലൂടെ ഇരട്ട പ്രഹരം നല്‍കി. ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ അലിസ്റ്റര്‍ കുക്കിന്‍റെ വിക്കറ്റ് അശ്വിന്‍ തെറിപ്പിക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയാണ് കുക്ക് പുറത്തായത്.

രണ്ടാം വിക്കറ്റില്‍ പ്രതീക്ഷയോടെ ബാറ്റ് വീശിയ ജെന്നിംഗ്സ് റൂട്ട് കൂട്ടുകെട്ടിനെ പൊളിച്ച ഷമി ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. 42 റണ്‍സ് നേടിയ ജെന്നിംഗ്സിന്‍റെ കുറ്റി തെറിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍. തൊട്ടു പിന്നാലെ ഡേവിഡ് മിലനെയും വീഴ്ത്തി ഷമി ഇന്ത്യന്‍ കരുത്തുകാട്ടി. 8 റണ്‍സ് നേടിയ മിലനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

സ്കോര്‍ 216 ല്‍ എത്തിയപ്പോളാണ് ജോറൂട്ട് നാലാമനായി പുറത്തായത്. 7 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബെയര്‍സ്റ്റോയെ കൂടാരത്തിലെത്തിച്ച് ഉമേഷ് യാദവ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരം നല്‍കി. ബെന്‍ സ്റ്റോക്സിനെയും ബട്ലറിനെയും പറഞ്ഞയച്ച് അശ്വിന്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പൂജാരജയ്ക്ക് പകരം കെ.എല്‍. രാഹുലാണ് ടീമിലെത്തിയത്. മുരളി വിജയ്- ശിഖര്‍ ധവാന്‍ എന്നിവരാണ് ഓപ്പണര്‍മാര്‍. ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ എന്നിവര്‍ പേസര്‍മാരായും ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറായി ടീമിലെത്തി. ആര്‍. അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍.

ഇന്ത്യന്‍ ടീം: മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, സാം കുറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വില്യംസണില്ല, ഏകദിനത്തില്‍ പുതിയ നായകന്‍, ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ