ബൗളിംഗിലും ഇന്ത്യന്‍ തിളക്കം; ന്യൂസീലന്‍ഡ് തോല്‍വിയിലേക്ക്

Published : Jan 26, 2019, 02:21 PM IST
ബൗളിംഗിലും ഇന്ത്യന്‍ തിളക്കം; ന്യൂസീലന്‍ഡ് തോല്‍വിയിലേക്ക്

Synopsis

ഇന്ത്യയുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസീലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. 38 ഓവര്‍ പിന്നിടുമ്പോള്‍ 218 റണ്‍സ് എടുക്കവെ എട്ട് കിവി ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറി. 

ബേ ഓവല്‍: ബേ ഓവല്‍ ഏകദിനത്തില്‍ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ന്യൂസീലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. 38 ഓവര്‍ പിന്നിടുമ്പോള്‍ 218 റണ്‍സ് എടുക്കവെ എട്ട് കിവി ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറി. സ്‌പിന്നര്‍ കുല്‍ദീപ് യാദവാണ് കിവികളെ അരിഞ്ഞിട്ടത്. 

മറുപടി ബാറ്റിംഗില്‍ കിവികള്‍ക്ക് 51 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 23ല്‍ നില്‍ക്കേ ഗപ്റ്റിലിനെ(16 പന്തില്‍ 15) ഭുവിയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചില്‍ ചാഹല്‍ പറഞ്ഞയച്ചു. 11 പന്തില്‍ 20 റണ്‍സെടുത്ത നായകന്‍ വില്യംസിനെ ഷമി ബൗള്‍ഡാക്കി. പൊരുതി നോക്കിയ മണ്‍റോയെ 31ല്‍ നില്‍ക്കേ ഹാചല്‍ മടക്കിയതോട കിവികള്‍ 84-3.

റോസ് ടെയ്‌ലറിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 22 റണ്‍സെടുത്ത ടെയ്‌ലറെ ജാദവിന്‍റെ പന്തില്‍ ധോണി മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി. പിന്നാലെ മധ്യനിരയെ കുല്‍ദീപ് കറക്കി വീഴ്‌ത്തി. ടോം ലഥാം(34), ഗ്രാന്‍ഡ്‌ഹോം(3), നിക്കോളസ്(28), സോധി(0) എന്നിവരാണ് കുല്‍ദീപിന്‍റെ പന്തില്‍ പുറത്തായത്. എന്നാല്‍ ഫെര്‍ഗുസനെ കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ചുറിയുമായി കുതിക്കുന്ന ബ്രേസ്‌വെല്ലിലാണ് ഇനി കിവി പ്രതീക്ഷ. 

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്താന്‍ 154 റണ്‍സ് വരെ കിവികള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. ബാറ്റേന്തിയവരെല്ലാം മികച്ച സ്‌കോര്‍ കണ്ടെത്തി. കരുതലോടെ തുടങ്ങി കിവി ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ധവാന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ബോള്‍ട്ടിന്‍റെ 26-ാം ഓവറിലെ രണ്ടാം പന്തില്‍ ധവാന്‍(66) ലഥാമിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 

സെഞ്ചുറിയിലേക്ക് നീങ്ങവെ രോഹിതിനെ 87ല്‍ നില്‍ക്കേ ഫെര്‍ഗുസന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 172. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹിറ്റ്‌മാന്‍ ഷോ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കോലിയും റായുഡുവും ഇന്ത്യയെ മുന്നോട്ടുനയിച്ചു. എന്നാല്‍ 40-ാം ഓവറിലെ ആദ്യ പന്തില്‍ ബോള്‍ട്ടിന്‍റെ ബൗണ്‍സറില്‍ കോലി വീണു. സോധിയുടെ കൈകളില്‍ 43 റണ്‍സുമായി കോലിയുടെ ഇന്നിംഗ്സ് അവസാനിച്ചു. സ്‌കോര്‍ മൂന്നിന് 236.

എന്നാല്‍ ധോണിയെ കൂട്ടുപിടിച്ച് റായുഡു അടിതുടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും കൂറ്റന്‍ സ്‌കോര്‍ മുന്നില്‍കണ്ടു. ഇരുവരുടെയും ഇന്നിംഗ്‌സ് ഇന്ത്യയെ അവസാന ഓവറുകള്‍ വരെ നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഫെര്‍ഗൂസന്‍ വില്ലനായി. ധോണി തളരാതെ കളിച്ചപ്പോള്‍ 46-ാം ഓവറില്‍ റായുഡു(47) റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. അവസാന നാല് ഓവറുകളില്‍ 48 റണ്‍സ് ഇന്ത്യ അക്കൗണ്ടിലാക്കി. ധോണി 33 പന്തില്‍ 48 റണ്‍സും ജാദവ് 10 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആരേയും തോല്‍പ്പിക്കാന്‍ പോന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; ടീമില്‍ വന്ന മാറ്റത്തെ കുറിച്ച് പാറ്റ് കമ്മിന്‍സ്
'അപമാനവും അവഗണനയും മാത്രം'; തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മനോജ് തിവാരി