ചരിത്രവിജയത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു; ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത

By Web DeskFirst Published Feb 24, 2018, 12:10 PM IST
Highlights

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കു പിന്നാലെ ട്വന്റി-20 പരമ്പരയും നേടി ചരിത്രം കുറിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ ട്വന്റി-20യിലെ ആധികാരിക ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ രണ്ടാം ട്വന്റി-20ക്കിറങ്ങിയ ഇന്ത്യക്ക് അടിപതറിയിരുന്നു. അതുകൊണ്ടുതന്നെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ട്.

മികച്ച ഫോമിലുള്ള ശീഖര്‍ ധവാനൊപ്പം രോഹിത് ശര്‍മ തന്നെയാകും ഇറങ്ങുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഒരേയൊരു സെഞ്ചുറി മാത്രം നേടിയ രോഹിത് ആദ്യ ട്വന്റി-20യില്‍ വെടിക്കെട്ട് തുടക്കമിട്ടെങ്കിലും രണ്ടാം ട്വന്റി-20യില്‍ പൂജ്യനായി പുറത്തായിരുന്നു. എങ്കിലും അവസാന മത്സരത്തില്‍ രോഹിത് തന്നെയാകും0 ധവാനൊപ്പം ഇന്നിംഗ്സ് തുറക്കുക.

തിരിച്ചുവരവില്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാന്‍ സുരേഷ് റെയ്നക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ഫീല്‍ഡിംഗ് മികവുകൂടി കണക്കിലെടുത്ത് റെയ്ന ടീമില്‍ തുടരും. നാലാം നമ്പറില്‍ വിരാട് കോലി എത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെ കളിക്കും. ആറാം നമ്പറില്‍ എത്തുന്ന ധോണി ഫോമിലേക്ക് തിരിച്ചെത്തിയെന്നത് ആശ്വാസമാണ്.

ഹര്‍ദ്ദീക് പാണ്ഡ്യ ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കുന്നില്ലെങ്കിലും ബൗളിംഗ് മികവ് കണക്കിലെടുത്ത് ഹര്‍ദ്ദീക് തന്നെയാകും ഓള്‍ റൗണ്ടാറായി എത്തുക. ബൗളിംഗിലാണ് കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നത്. ഭുവനേശ്വറിനൊപ്പം ബൂമ്ര തിരിച്ചെത്തുമ്പോള്‍ ഷര്‍ദ്ദുല്‍ താക്കൂറോ ഉനദ്ഘട്ടോ പുറത്തുപോവും. രണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്ക അടിച്ചുപരത്തിയ യുസ്‌വേന്ദ്ര ചാഹലിന് പകരം അക്ഷര്‍ പട്ടേലോ കുല്‍ദീപ് യാദവോ ടീമിലെത്തും.

click me!