ട്വന്റി-20യിലും ജയം ഇന്ത്യയ്ക്ക്; ലങ്കാദഹനം പൂര്‍ണം

By Web DeskFirst Published Sep 6, 2017, 10:56 PM IST
Highlights

കൊളംബോ: ലങ്കയ്ക്കെതിരായ ഏക ട്വന്റി-20യിലും ആധികാരിക ജയത്തോടെ ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കി. ലങ്ക ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മനീഷ് പാണ്ഡെയുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ അനായാസം മറികടന്നു. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 170/7, ഇന്ത്യ 19.2 ഓവറില്‍ 174/3.

ലങ്ക ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യക്ക് തുടക്കത്തില്‍ അടിതെറ്റി. ഒമ്പത് റണ്‍സ് മാത്രമെടുത്ത രോഹിത് ശര്‍മയെ വീഴ്‌ത്തി മലിംഗ ലങ്കയ്ക്ക് പ്രതീക്ഷ നല്‍കി. രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം ചേര്‍ന്ന് കോലി ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ രാഹുലും(18 പന്തില്‍ 24) വീണു. പിന്നീടായിരുന്നു ഇന്ത്യയെ ജയത്തിലേക്ക് നയിച്ച കൂട്ടുകെട്ട് പിറന്നത്. നാലാമനായി ക്രീസിലിറങ്ങിയ മനീഷ് പാണ്ഡെയ്ക്കൊപ്പം തകര്‍ത്തടിച്ച കോലി 54 പന്തില്‍ 82 റണ്‍സുമായി ലക്ഷ്യത്തിന് പത്ത് റണ്‍സകലെ പുറത്തായി. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20യില്‍ കോലി നേടുന്ന തുടര്‍ച്ചയായ നാലാമത്തെ അര്‍ധസെഞ്ചുറിയാണിത്.

ഫിനിഷറായി ക്രീസിലെത്തിയ ധോണിയെ സാക്ഷി നിര്‍ത്തി മനീഷ് പാണ്ഡെ ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയറണ്ണും അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. ഏക ട്വന്റി-20യും ജയിച്ചതോടെ ഓസ്ട്രേലിക്കുശേഷം ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിക്കുന്ന രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ലങ്ക മുനവീരയുടെ അര്‍ധസെഞ്ചുറിയുടെയും(29 പന്തില്‍ 53) പ്രിയഞ്ജന്‍ നേടിയ 40 റണ്‍സിന്റെയും മികവിലാണ് ഭേദപ്പെട്ട വിജയലക്ഷ്യം കുറിച്ചത്. ഇന്ത്യക്കായി ചാഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരകളിലും ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കിയിരുന്നു.

click me!