ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായി സഞ്ജു സാംസണിന്റെ ബാറ്റിംഗിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഫാഫ് ഡു പ്ലെസിസ്.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97 റണ്‍സോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലെയിങ് ഇലവന് പുറത്തായിരുന്ന സഞ്ജു, ലഭിച്ച സുവര്‍ണ്ണാവസരം മുതലാക്കി വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായി സഞ്ജുവിന്റെ ബാറ്റിംഗിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസ്.

മിഡ്-വിക്കറ്റ് മേഖലയില്‍ സഞ്ജു കരുത്തനാണെങ്കിലും, മണിക്കൂറില്‍ 140 കിലോമീറ്ററിന് മുകളില്‍ വേഗതയുള്ള ഷോര്‍ട്ട് ബോളുകള്‍ താരത്തിന് വെല്ലുവിളിയാണെന്ന് ഡു പ്ലെസിസ് വിലയിരുത്തുന്നു. ഡു പ്ലെസിസ് പറയുന്നതിങ്ങനെ... ''സഞ്ജുവിനെ ആക്രമിക്കാന്‍ പറ്റിയ ഒരേയൊരു മേഖല ഷോര്‍ട്ട് ബോളുകളാണ്, അതും നല്ല വേഗതയുള്ള പന്തുകള്‍. സഞ്ജുവിന്റെ ബാക്ക്‌സ്വിംഗ് മനോഹരമായതിനാല്‍ ശരീരത്തിന് നേരെ വരുന്ന പന്തുകള്‍ അദ്ദേഹം നന്നായി കളിക്കും. എന്നാല്‍ 140 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ വരുന്ന കൃത്യമായ ഷോര്‍ട്ട് ബോളുകള്‍ അദ്ദേഹത്തിന് ഒരു 'വീക്ക്‌നെസ്' ആണ്. ഇംഗ്ലണ്ടിന്റെ പക്കല്‍ ഇതിനുള്ള തെളിവുകളുണ്ട്. അവര്‍ക്കറിയാം ഇത് എങ്ങനെ ഉപയോഗിക്കണമെന്ന്.'' ഡു പ്ലെസിസ് പറഞ്ഞു.

ആര്‍ച്ചറെ നേരിടാന്‍ പ്ലാന്‍ വേണം

സൂപ്പര്‍ 8 ഘട്ടത്തില്‍ സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ ബ്ലെസിംഗ് മുസറബാനി എറിഞ്ഞ ഷോര്‍ട്ട് ബോളില്‍ സഞ്ജു പുറത്തായത് ഡു പ്ലെസിസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറെപ്പോലുള്ള അതിവേഗ ബൗളര്‍മാരെ നേരിടുമ്പോള്‍ സഞ്ജുവിന് കൃത്യമായ പ്ലാന്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ''തന്നെ തേടി വരുന്നത് ഷോര്‍ട്ട് ബോളുകളായിരിക്കുമെന്ന് സഞ്ജുവിന് തന്നെ അറിയാം. ആര്‍ച്ചര്‍ അത്തരം പന്തുകള്‍ എറിയുമ്പോള്‍ എങ്ങനെ പ്രതിരോധിക്കണം, അല്ലെങ്കില്‍ എങ്ങനെ റണ്‍സ് കണ്ടെത്തണം എന്നത് സഞ്ജു മുന്‍കൂട്ടി തീരുമാനിക്കണം. ആ പന്തുകള്‍ അക്രമിക്കണമോ അതോ മറ്റ് ബൗളര്‍മാരെ ലക്ഷ്യം വെക്കണമോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്.'' മുന്‍ പ്രോട്ടിയസ് നായകന്‍ കൂട്ടിചേര്‍ത്തു.

സഞ്ജു തന്റെ കരിയര്‍ ഡിഫൈനിംഗ് ഇന്നിംഗ്സ് എന്ന് വിശേഷിപ്പിക്കാവുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്നത്. ഡു പ്ലെസിസ് ചൂണ്ടിക്കാട്ടിയ ഈ വെല്ലുവിളിയെ സഞ്ജു എങ്ങനെ മറികടക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

YouTube video player