അടിച്ചുതകര്‍ത്ത് ഇന്ത്യ; ഓസ്‌ട്രേലിയയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി

By Web DeskFirst Published Sep 24, 2017, 9:15 PM IST
Highlights

ഇന്‍ഡോര്‍: ഹര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് ഗംഭീര വിജയം. മൂന്നാം മല്‍സരത്തിലെ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 294 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റും 13 പന്തും ശേഷിക്കെ ഇന്ത്യ മറികടന്നു. ഹര്‍ദ്ദിക് പാണ്ഡ്യ(78), ആജിന്‍ക്യ രഹാനെ(71), രോഹിത് ശര്‍മ്മ(71) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളാണ് ഇന്ത്യയുടെ പ്രയാണം എളുപ്പമാക്കിയത്. വിരാട് കോലി 28 റണ്‍സെടുത്ത് പുറത്തായി.
സ്‌കോര്‍- ഓസ്‌ട്രേലിയ 50 ഓവറില്‍ ആറിന് 293 & ഇന്ത്യ 47.5 ഓവറില്‍ അഞ്ചിന് 294

ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ആജിന്‍ക്യ രഹാനെയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 139 റണ്‍സാണ് അടിച്ചെടുത്തത്. രഹാനെയും രോഹിത് ശര്‍മ്മയും അടുത്തടുത്ത് പുറത്തായെങ്കിലും സ്ഥാനക്കയറ്റം ലഭിച്ച ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവസരോചിത ഇന്നിംഗ്സ് ഇന്ത്യയ്‌ക്ക് തുണയായി. 72 പന്ത് നേരിട്ട പാണ്ഡ്യ നാലു സിക്‌സറുകളും അഞ്ചു ബൗണ്ടറികളും പറത്തി. ഇന്ത്യ ലക്ഷ്യത്തില്‍ എത്തുമ്പോള്‍ മനീഷ് പാണ്ഡെ 36 റണ്‍സോടെയും എം എസ് ധോണി മൂന്നു റണ്‍സോടെയും പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി പാറ്റ് കുമ്മിണ്‍സ് രണ്ടു വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറിന് 293 റണ്‍സ് നേടി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ചുറിയുമായിരുന്നു ഓസീസ് ഇന്നിംഗ്സിന്റെ സവിശേഷതകള്‍. ബാറ്റിംഗ് വിക്കറ്റാണങ്കിലും കരുതലോടെയാണ് വാര്‍ണറും ഫിഞ്ചും തുടങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാരായ ബൂമ്രയും ഭുവനേശ്വറും ഇരുവര്‍ക്കും കാര്യമായി സ്കോറിംഗിന് അവസരം നല്‍കിയതുമില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 13.3 ഓവറില്‍ 70 റണ്‍സടിച്ചു. ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ഹര്‍ദ്ദീക് പാണ്ഡ്യയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. വാര്‍ണറെ ബൗള്‍ഡാക്കി പാണ്ഡ്യ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചു.

എന്നാല്‍ പിന്നീടായിരുന്നു ഓസീസിന്റ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ചാഹലിനെയും ആത്മവിശ്വാസത്തോടെ നേരിട്ട ഫിഞ്ചും സ്മിത്തും ചേര്‍ന്ന് ഓസീസിനെ 224 റണ്‍സിലെത്തിച്ചു. 154 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചത് കുല്‍ദീപ് യാദവായിരുന്നു. 125 പന്തില്‍ 124 റണ്‍സെടുത്ത ഫിഞ്ചിനെ മടക്കി കുല്‍ദീപ് യാദവ് പിന്നാലെ സ്മിത്തിനെയും(63) വീഴ്ത്തി ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

തുടര്‍ച്ചയായി മൂന്നാം തവണയും മാക്സ്‌വെല്ലിനെ(5) വീഴ്‌ത്തി ചാഹല്‍ കരുത്തുകാട്ടിയതോടെ ഒരുഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിച്ച ഓസീസ് സ്കോറിന് കടിഞ്ഞാണ്‍ വീണു. ട്രാവിസ് ഹെഡിനെയും(4) ഹാന്‍ഡ്സ്കോംബിനെയും(3) മടക്കി ബൂമ്ര ഓസീസിന്റെ നടുവൊടിച്ചു. അവസാന ഓവറുകളില്‍ പിടിച്ചുനിന്ന സ്റ്റോയ്നിസും(27 നോട്ടൗട്ട്) ആണ് ഓസീസിനെ 293 റണ്‍സിലെത്തിച്ചത്. ഇന്ത്യക്കായി കുല്‍ദീപ് 75 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ബൂമ്ര 52 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ചാഹലും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

പരമ്പരയിലെ നാലാമത്തെ മല്‍സരം സെപ്റ്റംബര്‍ 28ന് ബംഗളുരുവില്‍ നടക്കും

click me!