ചെപ്പോക്കിലെ മോശം റെക്കോര്‍ഡ് തിരുത്താന്‍ സഞ്ജുവിന് സുവര്‍ണാവസരമായിരുന്നെങ്കിലും ടീം ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയാക്കിയാണ് സഞ്ജു ക്രീസ് വിട്ടത്.

ചെന്നൈ: ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 15 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി ഡഗ് ഔട്ടിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ഗൗതം ഗംഭീറും സഹപരിശീലകരും. ലോകകപ്പില്‍ രണ്ടാം തവണ മാത്രമാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുന്നത്. സഞ്ജു ടീമിലുണ്ടെന്ന് ടോസിട്ടശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞപ്പോള്‍ തന്നെ ചെന്നൈയിലെ കാണികള്‍ ഇളകിമറിഞ്ഞിരുന്നു. സഞ്ജു തന്നെയാണ് ഇന്ന് കീപ്പറുമെന്ന സൂര്യയുടെ വാക്കുകള്‍ ആരവത്തോടെയാണ് ആരാധകര്‍ വരവേറ്റത്.

അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്സ് പറത്തിയതോടെ ആരാധകരും ആവേശത്തിലായി. പിന്നീട് ഒരു സിക്സും ഒരു ബൗണ്ടറിയും കൂടി പറത്തി 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു നാലാം ഓവറില്‍ പുറത്തായത് ആരാധകരെ നിരാശയിലാഴ്ത്തി. ചെപ്പോക്കിലെ മോശം റെക്കോര്‍ഡ് തിരുത്താന്‍ സഞ്ജുവിന് സുവര്‍ണാവസരമായിരുന്നെങ്കിലും ടീം ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയാക്കിയാണ് സഞ്ജു ക്രീസ് വിട്ടത്. ഓപ്പണിംഗ് വിക്കറ്റില്‍ സഞ്ജു-അഭിഷേക് സഖ്യം 3.4 ഓവറില്‍ 48 റണ്‍സടിച്ചു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. 15 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായത് ആരാധകര്‍ക്ക് നിരാശയായെങ്കിലും ടീം ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയാണ് സഞ്ജു മടങ്ങിയത്.

അഭിഷേകിന് നിലയുറപ്പിക്കാന്‍ സമയം നല്‍കി തുടക്കത്തിലെ തകര്‍ത്തടിച്ച് സമ്മര്‍ദ്ദം ഒഴിവാക്കിയത് സഞ്ജുവായിരുന്നു. അഭിഷേക് വെടിക്കെട്ടിന് തിരികൊളുത്തിയതിന് പിന്നാലെയയാിരുന്നു മുസര്‍ബാനിയുടെ സ്ലോ ബോളില്‍ സഞ്ജു പുറത്തായത്. എന്നാല്‍ ഡഗ് ഔട്ടിലെത്തിയ സഞ്ജുവിന് കോച്ച് ഗൗതം ഗംഭീറും ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കലുമെല്ലാം അഭിനന്ദിക്കുന്നതും കാണാമായിരുന്നു. ലോകകപ്പില്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആദ്യ ഓവറുകളില്‍ വിക്കറ്റ് നഷ്ടമായി സമ്മര്‍ദ്ദത്തിലായ ഇന്ത്യക്ക് മികച്ച അടിത്തറയിട്ടതിനായിരുന്നു സ‍ഞ്ജുവിനെ പരിശീലകര്‍ അഭിനന്ദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക