ലിയ കൊടുങ്കാറ്റായി; ഇന്ത്യന്‍ മധ്യനിര തകര്‍ന്നു; വനിതകളുടെ പോരാട്ടം ആവേശകരം

By Web TeamFirst Published Feb 6, 2019, 11:30 AM IST
Highlights

11.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 102 ല്‍ നില്‍ക്കെയാണ് സ്മൃതി 58 റണ്‍സ് നേടി പുറത്തായത്. സ്മൃതിക്ക് പിന്നാലെ ഇന്ത്യന്‍ മധ്യനിര കൂട്ടത്തോടെ കൂടാരം കയറി

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡുമായുള്ള വനിതകളുടെ ആദ്യ ടി ട്വന്‍റി പോരാട്ടം ആവേശകരമാകുന്നു.  കിവികള്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു ഘട്ടത്തില്‍ അനായാസം എത്തുമെന്ന പ്രതീതി ഉയര്‍ന്നെങ്കിലും ലിയ തഹുഹു ആഞ്ഞടിച്ചതോടെയാണ് കളി മാറി മറിഞ്ഞത്. ഏകദിന പരമ്പരയിലെ മിന്നുന്ന ഫോം ടി ട്വന്‍റിയിലും തുടര്‍ന്ന സ്മൃതി മന്ദാന സ്വപ്ന സമാനമായ തുടക്കമാണ് നല്‍കിയത്. കിവി ബൗളര്‍മാരെ നിലം തൊടീക്കാതെ മുന്നേറിയ സ്മൃതി ഏറ്റവും വേഗതയാര്‍ന്ന ഇന്ത്യന്‍ താരത്തിന്‍റെ അര്‍ധ ശതകമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പുറത്തായി.

11.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 102 ല്‍ നില്‍ക്കെയാണ് സ്മൃതി 58 റണ്‍സ് നേടി പുറത്തായത്. സ്മൃതിക്ക് പിന്നാലെ ഇന്ത്യന്‍ മധ്യനിര കൂട്ടത്തോടെ കൂടാരം കയറി.  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 17 ഓവറില്‍ 6 ന് 122 എന്ന നിലയിലാണ്. പത്ത് റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ക്യാപ്ടന്‍ ഹര്‍മന്‍ പ്രീതിലാണ് ഇന്ത്യന്‍ പ്രതീക്ഷ.

നേരത്തെ ടോസ് നേടി ബൗളിംഗ് തുടങ്ങിയ ഇന്ത്യ, കിവികളെ ആദ്യം വട്ടം കറക്കിയെങ്കിലും പത്തോവറിന് ശേഷം കളിയുടെ നിയന്ത്രണം നഷ്ടമായി. എട്ട് ഓവറില്‍  രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അമ്പത് എന്ന നിലയില്‍ നിന്ന് ന്യൂസിലന്‍ഡ് 159 എന്ന നിലയിലേക്ക് സ്കോര്‍ ഉയര്‍ത്തി.

62 റണ്‍സ് നേടിയ ഓപ്പണര്‍ സോഫി ദേവിനാണ് കിവികളുടെ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയത്. മധ്യനിരയില്‍ കാറ്റി മാര്‍ട്ടിനും എമി സറ്റെര്‍വൈറ്റും റണ്‍സ് കണ്ടെത്തിയതും ഇന്ത്യക്ക് വെല്ലുവിളിയായി. അവസാന ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചതുമില്ല.

click me!