ബാറ്റിംഗില്‍ രോഹിത്, ബൗളിംഗില്‍ കുല്‍ദീപ്; ബേ ഓവലില്‍ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാഘോഷം

Published : Jan 26, 2019, 02:35 PM ISTUpdated : Jan 26, 2019, 02:49 PM IST
ബാറ്റിംഗില്‍ രോഹിത്, ബൗളിംഗില്‍ കുല്‍ദീപ്; ബേ ഓവലില്‍ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാഘോഷം

Synopsis

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബേ ഓവലില്‍ കിവികള്‍ 90 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ഇന്ത്യയുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സില്‍ പുറത്തായി.

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബേ ഓവലില്‍ കിവികള്‍ 90 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ഇന്ത്യയുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സില്‍ പുറത്തായി. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപാണ് ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കിയത്. ചാഹലും ഭുവിയും രണ്ട് വീതവും ഷമിയും ജാദവും ഓരോ വിക്കറ്റും വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ കിവികള്‍ക്ക് 51 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 23ല്‍ നില്‍ക്കേ ഗപ്റ്റിലിനെ(16 പന്തില്‍ 15) ഭുവിയുടെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചില്‍ ചാഹല്‍ പറഞ്ഞയച്ചു. 11 പന്തില്‍ 20 റണ്‍സെടുത്ത നായകന്‍ വില്യംസിനെ ഷമി ബൗള്‍ഡാക്കി. പൊരുതി നോക്കിയ മണ്‍റോയെ 31ല്‍ നില്‍ക്കേ ഹാചല്‍ മടക്കിയതോട കിവികള്‍ 84-3.

റോസ് ടെയ്‌ലറിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. 22 റണ്‍സെടുത്ത ടെയ്‌ലറെ ജാദവിന്‍റെ പന്തില്‍ ധോണി മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി. പിന്നാലെ മധ്യനിരയെ കുല്‍ദീപ് കറക്കി വീഴ്‌ത്തി. ടോം ലഥാം(34), ഗ്രാന്‍ഡ്‌ഹോം(3), നിക്കോളസ്(28), സോധി(0) എന്നിവരാണ് കുല്‍ദീപിന്‍റെ പന്തില്‍ പുറത്തായത്. 

എന്നാല്‍ ഫെര്‍ഗുസനെ കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ചുറിയുമായി കുതിച്ച ബ്രേസ്‌വെല്‍ ഇന്ത്യയുടെ ജയം വൈകിപ്പിച്ചു. എന്നാല്‍ 40-ാം ഓവറില്‍ ഭുവി ഈ കൂട്ടുകെട്ട് പൊളിച്ചു. ബ്രേസ്‌വെല്‍ 46 പന്തില്‍ 57 റണ്‍സെടുത്തു. ചാഹലിന്‍റെ തൊട്ടടുത്ത ഓവറില്‍ ഫെര്‍ഗൂസണ്‍(12) അവസാനക്കാരനായി പുറത്തായി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്താന്‍ 154 റണ്‍സ് വരെ കിവികള്‍ക്ക് കാത്തിരിക്കേണ്ടിവന്നു. ബാറ്റേന്തിയവരെല്ലാം മികച്ച സ്‌കോര്‍ കണ്ടെത്തി. കരുതലോടെ തുടങ്ങി കിവി ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ധവാന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ബോള്‍ട്ടിന്‍റെ 26-ാം ഓവറിലെ രണ്ടാം പന്തില്‍ ധവാന്‍(66) ലഥാമിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 

സെഞ്ചുറിയിലേക്ക് നീങ്ങവെ രോഹിതിനെ 87ല്‍ നില്‍ക്കേ ഫെര്‍ഗുസന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 172. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹിറ്റ്‌മാന്‍ ഷോ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കോലിയും റായുഡുവും ഇന്ത്യയെ മുന്നോട്ടുനയിച്ചു. എന്നാല്‍ 40-ാം ഓവറിലെ ആദ്യ പന്തില്‍ ബോള്‍ട്ടിന്‍റെ ബൗണ്‍സറില്‍ കോലി വീണു. സോധിയുടെ കൈകളില്‍ 43 റണ്‍സുമായി കോലിയുടെ ഇന്നിംഗ്സ് അവസാനിച്ചു. സ്‌കോര്‍ മൂന്നിന് 236.

എന്നാല്‍ ധോണിയെ കൂട്ടുപിടിച്ച് റായുഡു അടിതുടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും കൂറ്റന്‍ സ്‌കോര്‍ മുന്നില്‍കണ്ടു. ഇരുവരുടെയും ഇന്നിംഗ്‌സ് ഇന്ത്യയെ അവസാന ഓവറുകള്‍ വരെ നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഫെര്‍ഗൂസന്‍ വില്ലനായി. ധോണി തളരാതെ കളിച്ചപ്പോള്‍ 46-ാം ഓവറില്‍ റായുഡു(47) റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. അവസാന നാല് ഓവറുകളില്‍ 48 റണ്‍സ് ഇന്ത്യ അക്കൗണ്ടിലാക്കി. ധോണി 33 പന്തില്‍ 48 റണ്‍സും ജാദവ് 10 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അപമാനവും അവഗണനയും മാത്രം'; തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി മനോജ് തിവാരി
ആശ്വാസജയം തേടി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്; പ്ലേ ഓഫ് ഉറപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു