കുല്‍ദീപിന് മുന്നില്‍ ഓസീസ് കറങ്ങിവീണു; ഇന്ത്യക്ക് രണ്ടാം ജയം

By Web DeskFirst Published Sep 21, 2017, 9:36 PM IST
Highlights

കൊല്‍ക്കത്ത: കുല്‍ദീപ് യാദവിന്‍റെ ഹാട്രിക് മികവില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 50 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 202ന് പുറത്തായി. 100-ാം ഏകദിന മല്‍സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ നായകന്‍ സ്റ്റീവ് സ്‌മിത്ത്(59), മാര്‍ക്‌സ് സ്റ്റോയ്‌നിസ്(62 ) എന്നിവര്‍ക്കു മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ എന്നിവര്‍ മുന്നും പാണ്ഡ്യയും ചാഹലും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി

ഓപ്പണര്‍മാരെ തുടക്കത്തില്‍ നഷ്ടമായ ഓസീസ് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഓസ്‌ട്രേലിയന്‍ നിരയില്‍ സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്‌സ് സ്റ്റോയ്‌നിസ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഹില്‍ട്ടണ്‍ കാര്‍ട്ട്റൈറ്റിനെയും വീഴ്‌ത്തി ഭുവനേശ്വര്‍ ഓസീസിന് ഇരട്ട പ്രഹരം നല്‍കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സ്മിത്തും ഹെഡും ചേര്‍ന്ന് ഓസീസിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

വാലറ്റത്ത് മാത്യു വെയ്ഡ്, അഷ്ടണ്‍ അഗര്‍,പാറ്റ് കമ്മിന്‍സ് എന്നിവരെ പുറത്താക്കി കുല്‍ദീപ് ഞെട്ടിച്ചതോടെ ഓസീസ് പതനം പൂര്‍ത്തിയായി. 62 റണ്‍സ് നേടിയ സ്റ്റോയ്‌നിസ് പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അജിങ്ക്യാ രഹാനെയുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് 50 ഓവറില്‍ 252 റണ്‍സെടുത്തത്.

92 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രഹാനെ 55 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ, മനീഷ് പാണ്ഡെ, ധോണി എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അവസാന ഓവറുകളില്‍ ചെറുത്തുനിന്ന ഭുവനേശ്വര്‍ കുമാറും(20) ഹര്‍ദീക് പാണ്ഡ്യയും(20) ചേര്‍ന്ന് ഇന്ത്യയെ 250 കടത്തിയത്. ഓസീസിനായി കോള്‍ട്ടര്‍നൈലും റിച്ചാര്‍ഡ്സണും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

click me!