കോലിക്ക് ആശ്വാസം; പിന്തുണയുമായി മുന്‍താരം

By Web DeskFirst Published Jan 13, 2018, 5:38 PM IST
Highlights

മുംബൈ: ടീം സെലക്ഷനെ ചൊല്ലി വിവാദങ്ങളില്‍ നട്ടംതിരിയുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനയെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിപ്പിക്കാത്തതാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. കോലിയുടെ തീരുമാനങ്ങളെ എതിര്‍ത്ത് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിനിടയില്‍ കോലിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നു മുന്‍ താരം മൊഹീന്ദര്‍ അമര്‍നാഥ്.

ഇന്ത്യയുടെ മികച്ച പരിമിത ഓവര്‍ ബൗളറായ ജസ്‌പ്രീത് ഭൂംമ്രയെ കളിപ്പിക്കുന്ന കോലിയുടെ തീരുമാനം ശരിയാണെന്ന് മൊഹീന്ദര്‍ അമര്‍നാഥ് പറഞ്ഞു. കേപ്‌ടൗണ്‍ ടെസ്റ്റില്‍ ഓള്‍റൗണ്ട് മികവ് കാഴ്ച്ചവെച്ച പേസര്‍ ഹര്‍ദിക് പാണ്ഡ്യയെ അമര്‍നാഥ് അഭിനന്ദിച്ചു. അതേസമയം ഫാസ്റ്റ് ട്രാക്കുകളില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന രഹാനെയെ ഉള്‍പ്പെടുത്താത്തത് ഞെട്ടിച്ചെന്നും ലോകകപ്പ് ജേതാവായ അമര്‍മാഥ് പറഞ്ഞു. 

മൂന്ന് മാറ്റങ്ങളുമായാണ് കോലി രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. കേപ്‌ടൗണ്‍ ടെസ്റ്റില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഭുവനേശ്വര്‍ കുമാറിനെ പിന്‍വലിച്ച് ഇശാന്ത് ശര്‍മ്മയെ ടീമിലുള്‍പ്പെടുത്തി. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ഥീവ് പട്ടേല്‍ വിക്കറ്റ് കീപ്പറായും‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലും കളിക്കാനിറങ്ങി. അതേസമയം ബൗളര്‍മാരില്‍ ജസ്‌പ്രീത് ഭൂംമ്രയ്ക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിക്കാന്‍ അവസരം നല്‍കി.
 

click me!