നാല്‍പതാം വയസ്സിലും യുവതാരങ്ങളെ വെല്ലുന്ന ഫിറ്റ്‌നസുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നു.
റിയാദ്: പ്രായത്തെ തോല്‍പിക്കുന്ന ശാരീരികക്ഷമതയുമായി ഫുട്‌ബോള്‍ ലോകത്തെ അന്പരപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാല്‍പതാം വയസ്സിലും യുവതാരങ്ങളെ പിന്നിലാക്കുന്ന ഫിറ്റ്‌നസാണ് റൊണാള്‍ഡോയ്ക്ക്. ഈ ഫിറ്റ്‌നസിന് പിന്നിലെ രഹസ്യം എന്തെന്ന് നോക്കാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടിമികവിന് സമാനതകളില്ല. 959 ഗോളുമായി ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന തലയെടുപ്പോടെ മുന്നേറുന്ന പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ലക്ഷ്യം ആയിരം ഗോള്‍ മറികടക്കുക.
ഒപ്പമുളളവരെല്ലാം കളിനിര്‍ത്തി പരിശീലകരായും മറ്റ് മേഖലകളിലേക്കും തിരിഞ്ഞപ്പോഴും റൊണാള്‍ഡോ മുന്‍പത്തേക്കാള്‍ കരുത്തോടെ കളിക്കളത്തില്‍ തുടരുകയാണ്. ഇതിനിടെയാണ് റൊണാള്‍ഡോയുടെ ഫിറ്റ്‌നസ് ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ചര്‍ച്ചയായത്. അതിന് തുടക്കമിട്ടത് ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ പങ്കുവച്ച ചിത്രവും. കൈകാലുകളിലേയും വയറിലെയും പേശികള്‍ അത്രമേല്‍ വ്യക്തമാകുന്ന ചിത്രം. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോയുടെ വര്‍ക്കൗട്ട് ഭക്ഷണക്രമം വീണ്ടും ചര്‍ച്ചയായത്.
റൊണാള്‍ഡോയുടെ ബോഡി ഫാറ്റിന്റെ അളവ് ഏഴ് ശതമാനത്തില്‍ താഴെ മാത്രം. സാധാരണഗതിയില്‍ അത്‌ലറ്റുകള്‍ക്ക് പ്രായം കൂടുന്തോറും പേശികള്‍ക്ക് ബലക്കുറവ് സംഭവിക്കാറുണ്ട്. എന്നാല്‍ റൊണാള്‍ഡോയുടെ കാര്യത്തില്‍ ഇതുവരെ ഇത് സംഭവിച്ചിട്ടില്ല. കഠിനമായ സ്‌ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം ഓട്ടം പോലുള്ള എന്‍ഡുറന്‍സ് പരിശീലനവും മൊബിലിറ്റി വ്യായാമങ്ങളുമാണ് റൊണാള്‍ഡോയുടെ ആരോഗ്യ രഹസ്യം. പ്രകൃതിദത്തവും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രമാണ് കഴിക്കുക. ഒരു ദിവസം ആറ് തവണയായി ചെറിയ അളവിലാണ് റൊണാള്‍ഡോ ഭക്ഷണം കഴിക്കുക.
പേശികളുടെ ബലത്തിനായി ചിക്കനും, മത്സ്യവും ധാരാളമായി ഉള്‍പ്പെടുത്തുന്നു. മൈദ കൊണ്ടുള്ള ഭക്ഷണങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും കൈകൊണ്ട് തൊടില്ല. മദ്യപിക്കില്ല എന്നതും ആരോഗ്യത്തിന്റെ പ്രധാന രഹസ്യം. ജിമ്മിലെ വ്യായാമങ്ങള്‍ മാത്രമല്ല റൊണാള്‍ഡോയുടെ രീതി. ഓട്ടവും നീന്തലുമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്ത് കൊഴുപ്പ് കുറക്കും. പേശികളുടെ വീക്കം കുറക്കാനും വേഗത്തില്‍ റിക്കവര്‍ ചെയ്യാനും അദ്ദേഹം പതിവായി ഐസ്ബാത്ത് ചെയ്യും. ഭക്ഷണത്തിനും വ്യായാമത്തിനുംപോലെ കൃത്യസമയത്തുള്ള ഉറക്കത്തിനും വിശ്രമത്തിനും റൊണാള്‍ഡോ പ്രാധാന്യം നല്‍കുന്നു.

