'ഇവന്‍ എതിരാളികളെ എറിഞ്ഞിടും'; യുവ പേസറെ കുറിച്ച് സഹീര്‍ ഖാന്‍

By Web DeskFirst Published Mar 11, 2018, 3:20 PM IST
Highlights
  • സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 148 കി.മി വേഗതയില്‍ പന്തെറിഞ്ഞ് കയ്യടി നേടിയിരുന്നു

ദില്ലി: മികച്ച പേസര്‍മാരുടെ അഭാവമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എക്കാലത്തുമുണ്ടായിരുന്ന വെല്ലുവിളികളിലൊന്ന്. വിദേശ പര്യടനങ്ങളിലാണ് ഈ കുറവ് ഇന്ത്യയെ പ്രധാനമായും അലട്ടിയിരുന്നത്. മികച്ച വേഗമുള്ള പേസര്‍മാര്‍ക്ക് ലൈനും ലെങ്തും നിയന്ത്രിക്കാന്‍ കഴിയാതെപോയി. മറ്റ് ചിലരാവട്ടെ വേഗം കുറച്ച് കരിയര്‍ ദൈര്‍ഘ്യം കൂട്ടാനുള്ള ശ്രമത്തിനിടയില്‍ സ്വയം പിച്ചില്‍ നിന്ന് അപ്രത്യക്ഷമായി. 

കപില്‍ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിങ്ങനെ ചുരുക്കം പേര്‍ മാത്രമാണ് ഈ പേരുദോഷത്തെ മറികടന്നത്. ഇര്‍ഫാന്‍ പഠാനും നെഹ്‌റയുമൊക്കെ പോലെ മികച്ച വേഗവും സ്വിങുമുണ്ടായിട്ടും പ്രകടനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ അടുത്ത കാലത്തായി ബുംറയെയും ഭുവിയെയും പോലെ ലോകത്തെ ഏത് പേസര്‍മാരോടും കിടപിടിക്കുന്ന ബൗളര്‍മാര്‍ ഇന്ത്യയില്‍ ഉദയം ചെയ്തു.  

അണ്ടര്‍ 19 ലോകകപ്പ് നേടിയ താരങ്ങളടക്കം നിരവധി മികച്ച യുവ പേസര്‍മാരാണ് സീനിയര്‍ ടീം പ്രവേശം കാത്തുനില്‍ക്കുന്നത്. ഇത്തരത്തില്‍ ടീം പ്രവേശം കാത്തിരിക്കുന്ന താരമാണ് രാജസ്ഥാന്‍ സ്വദേശിയായ ഇരുപതുകാരന്‍ പേസര്‍ ഖലീല്‍ അഹമ്മദ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 148 കി.മി വേഗതയില്‍ പന്തെറിഞ്ഞ് ക്രിക്കറ്റ് പ്രേമികളുടെ കയ്യടി നേടിയിരുന്നു ഖലീല്‍.

ഐപിഎല്ലില്‍ ഇക്കുറി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ താരമായ ഈ ഇടംകൈയന്‍ പേസര്‍ രാജസ്ഥാന്‍റെ യുവതാരം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി പ്രതീക്ഷയാണെന്ന് സഹീര്‍ ഖാന്‍ പറയുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹിക്കായി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. 2016 അണ്ടര്‍ 19 ലോകകപ്പ് കളിച്ച ഖലീല്‍ അഹമ്മദ് ഉടന്‍ ഇന്ത്യന്‍ ടീമിലെത്തുമെന്നാണ് സഹീര്‍ പറയുന്നത്
 

click me!