ടി20 ലോകകപ്പിലെ തീപ്പൊരി പ്രകടനം; റാങ്കിംഗില്‍ മിന്നിത്തിളങ്ങി ഇന്ത്യന്‍ വനിതകള്‍

By Web TeamFirst Published Nov 27, 2018, 3:36 PM IST
Highlights

ഐസിസി വനിതാ ടി20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മൂന്നാം സ്ഥാനത്തെത്തി. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ജെമീമ റോഡ്രിഗസ് ആറാമത്...
 

ദുബായ്: ലോകകപ്പിന് ശേഷമുള്ള ഐസിസി വനിതാ ടി20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മൂന്നാം സ്ഥാനത്തെത്തി. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തിയ ജെമീമ റോഡ്രിഗസാണ് റാങ്കിംഗില്‍ അത്ഭുതപ്പെടുത്തിയ മറ്റൊരു ഇന്ത്യന്‍ താരം. 

രണ്ട് സ്ഥാനം താഴേക്കിറങ്ങിയെങ്കിലും മിതാലി ഒമ്പതാം സ്ഥാനത്തും ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്‌മൃതി മന്ദാന 10-ാം സ്ഥാനത്തുമുണ്ട്. ഇതേസമയം ന്യൂസീലന്‍ഡിന്‍റെ സൂസി ബെയ്റ്റ്‌സും വിന്‍ഡീസിന്‍റെ സ്റ്റെഫാനീ ടെയ്‌ലറും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 

ബൗളര്‍മാരില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയ പൂനം യാദവാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയുടെ മെഗാന്‍ സ്‌കട്ട് ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ന്യൂസീലന്‍ഡിന്‍റെ ലീ കാസ്‌‌പെറേക്ക് ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാമതെത്തി. ഓള്‍റൗണ്ടര്‍മാരില്‍ വിന്‍ഡീസ് താരങ്ങളായ സ്റ്റെഫാനീ ടെയ്‌ലറും ഡീന്‍ഡ്ര ഡോട്ടിനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 

ടീം റാങ്കിംഗില്‍ ലോകകപ്പുയര്‍ത്തിയ ഓസ്‌ട്രേലിയയാണ്(283 പോയിന്‍റ്) ഒന്നാമത്. റണ്ണറപ്പുകളായ ഇംഗ്ലണ്ട്(274 പോയിന്‍റ്) ന്യൂസീലന്‍ഡീനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഒരു പോയിന്‍റ് മാത്രം പിന്നിലുള്ള ന്യൂസീലന്‍ഡാണ് മൂന്നാമത്. വിന്‍ഡീസ്(265 പോയിന്‍റ്) നാലാം സ്ഥാനത്തും ഇന്ത്യ(256 പോയിന്‍റ്) ആറാമതുമാണ്. 

click me!