ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു; ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത

By Web DeskFirst Published Feb 21, 2018, 12:58 PM IST
Highlights

സെഞ്ചൂറിയന്‍: ഏകദിന പരമ്പരക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയും സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് സൂചന. ഓപ്പണര്‍മാരായി മികച്ച ഫോമിലുള്ള ശീഖര്‍ ധവാനൊപ്പം രോഹിത് ശര്‍മ തന്നെയാകും ഇറങ്ങുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഒരേയൊരു സെഞ്ചുറി മാത്രം നേടിയ രോഹിത് ആദ്യ ട്വന്റി-20യില്‍ വെടിക്കെട്ട് തുടക്കമിട്ടെങ്കിലും ഇന്നിംഗ്സ് അധികം നീണ്ടില്ല. എങ്കിലും രോഹിത് തന്നെയാകും ഇന്നും ധവാനൊപ്പം ഇന്നിംഗ്സ് തുറക്കുക.

തിരിച്ചുവരവില്‍ വലിയൊരു ഇന്നിംഗ്സ് കളിക്കാന്‍ സുരേഷ് റെയ്നക്കായില്ലെങ്കിലും തകര്‍ത്തടിച്ച റെയ്നയുടെ ഇന്നിംഗ്സ് ഇന്ത്യന്‍ സ്കോറിംഗിന് ഗതിവേഗം പകര്‍ന്നിരുന്നു. ഫീല്‍ഡിംഗ് മികവുകൂടി കണക്കിലെടുത്ത് റെയ്ന ടീമില്‍ തുടരും. നാലാം നമ്പറില്‍ വിരാട് കോലി എത്തുമ്പോള്‍ അഞ്ചാം നമ്പറിലാണ് പ്രതീക്ഷിക്കുന്ന മാറ്റം ഉണ്ടാവുക. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മനീഷ് പാണ്ഡെക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ആറാം നമ്പറില്‍ എത്തുന്ന ധോണിയുടെ മെല്ലെപ്പോക്കും ടീമിന് തലവേദനയാണ്.

അതിവേഗ ഫിനിഷിംഗിന് ധോണിക്ക് പഴയതുപോലെ കഴിയുന്നില്ല. ഹര്‍ദ്ദീക് പാണ്ഡ്യയും ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കുന്നില്ല. എങ്കിലും ഇരുവരും ടീമീല്‍ തുടരും. നക്കിള്‍ ബോളുമായി ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തി ഭുവനേശ്വറും ബൂമ്രയും തന്നൊകും പേസര്‍മാര്‍. ഐപിഎല്ലിലെ വിലകൂടിയ താരം ഉനദ്ഘട്ടിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നകാര്യം ടീം മാനേ്മെന്റ് ഗൗരവമായി പരിഗണിക്കുന്നുണ്ട്. പകല്‍രാത്രി മത്സരത്തില്‍ കുല്‍ദീപിന് കൂടുതല്‍ മികവ് കാട്ടാനാകുമെന്നാണ് പ്രതീക്ഷ.

click me!