മാറ്റത്തിന്റെ കാറ്റ് ഐസിസിയിലും, ഐസിസി തലപ്പത്തേയ്ക്ക് ഇന്ത്യന്‍ വനിത

By Web DeskFirst Published Feb 9, 2018, 4:58 PM IST
Highlights

പുരുഷ കേന്ദ്രീകൃതമായ ക്രിക്കറ്റിലും മാറ്റത്തിന്റെ കാറ്റ് വീശുന്നു. വനിതാ ക്രിക്കറ്റിന് പ്രാധാന്യം കിട്ടുന്നതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലേയ്ക്ക് വനിതാ സാന്നിധ്യം. പെപ്സികോയുടെ ചെയര്‍മാനും സിഇഒയുമായ ഇന്ദിര നൂയിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ സ്ഥാനത്തേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 

ഐസിസിയുടെ ഘടന മാറ്റത്തിന്റെ ഭാഗമായാണ് ഇന്ദിര നൂയി സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് നിയമിതയാകുന്നത്. ലോകത്തിലെ കരുത്തരായ സ്ത്രീകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യമാണ് ഇന്ദിര നൂയി. ആദ്യമായാണ്  ഐസിസിയുടെ തലപ്പത്തേയ്ക്ക് ഒരു വനിത എത്തുന്നത്. ഇന്ദിരയെ ഐസിസിയിലേയ്ക്ക് നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പ്രതികരിച്ചു.

ക്രിക്കറ്റിന്റെ അന്താരാഷ്ട്ര നിലവാരത്തിന് ചേരുന്ന മാറ്റങ്ങള്‍ വരുത്തുന്നതിന് ഇന്ദിരയുടെ സംഭാവനകള്‍ നിര്‍ണായകമാകുമെന്ന് അദ്ദേഹം വിലയിരുത്തി. ക്രിക്കറ്റിനോടും ബിസിനസിനോടും ഒരേപോലെ താല്‍പര്യമുള്ള ഒരു വനിത ഡയറക്ടര്‍ക്കായുള്ള തിരച്ചിലിലായിരുന്നു ഐസിസിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് കാലയളവില്‍ ക്രിക്കറ്റ് നല്‍കിയ പാഠങ്ങള്‍ ജീവിതത്തില്‍ ഏറെ നിര്‍ണായകമായിരുന്നുവെന്ന് ഇന്ദിരാ നൂയി പ്രതികരിച്ചു. രണ്ടു വര്‍ഷമാണ് ഇന്ദിരയുടെ പ്രവര്‍ത്തന കാലം. പിന്നീട് രണ്ട് വര്‍ഷം വച്ച് കാലാവധി നീട്ടാനും സാധ്യതയുണ്ട്. 

click me!