ക്യാപ്റ്റന്‍ സ്ഥാനത്തിന് പിന്നാലെ പ്രതിഫലവും വേണ്ടെന്നുവെച്ച് ഗംഭീര്‍

By Web DeskFirst Published Apr 26, 2018, 1:18 PM IST
Highlights

സീസണില്‍ ആറു കളികളില്‍ അഞ്ചിലും ഡല്‍ഹി തോറ്റതിനെത്തുടര്‍ന്നാണ് ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

ഡല്‍ഹി: ഐപിഎല്ലില്‍ ഡൽഹിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സീസണില്‍ തനിക്ക് പ്രതിഫലമായി ലഭിക്കേണ്ട 2.8 കോടി രൂപയും നിരസിച്ച് ഗൗതം ഗംഭീര്‍. സീസണിലെ തുടര്‍ന്നുള്ള കളികളില്‍ സൗജന്യമായിട്ടായിരിക്കും താന്‍ ഡല്‍ഹിക്കുവേണ്ടി കളിക്കുകയെന്ന് ഗംഭീര്‍ വ്യക്തമാക്കി. അര്‍ധസെഞ്ച്വറിയോടെ സീസണ്‍ തുടങ്ങിയ ഗംഭീറിന്, കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ 85 റൺസെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഐപിഎല്ലില്‍ വലിയ തുകയ്ക്ക് ടീമുകളിലെത്തിയ പലരും നനഞ്ഞ പടക്കങ്ങളായപ്പോഴാണ് ഗംഭീര്‍ തനിക്ക് ലഭിക്കേണ്ട കോടികളുടെ പ്രതിഫലം വേണ്ടെന്നുവെച്ച് മാതൃകയാകുന്നത്.

സീസണില്‍ ആറു കളികളില്‍ അഞ്ചിലും ഡല്‍ഹി തോറ്റതിനെത്തുടര്‍ന്നാണ് ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കണമെന്ന് മാനേജ്മെന്റിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഗംഭീറിന്റെ നിര്‍ദേശം കണക്കിലെടുത്ത് ഡല്‍ഹി അയ്യരെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഫലവും വേണ്ടെന്ന് ഗംഭീര്‍ വ്യക്തമാക്കിയത്. എട്ട് മത്സരങ്ങള്‍ ബാക്കിയുള്ള ഡൽഹിക്ക് ഇനിയും പ്ലേ ഓഫ് സാധ്യത ഉള്ളതിനാലാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ഗംഭീര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കളിക്കാരനായും ഉപദേഷ്ടാവായും ഗംഭീര്‍ തുടരുമെന്ന് ഡൽഹി മാനേജ്മെന്‍റ് വ്യക്തമാക്കിയെങ്കിലും, ഫോം വീണ്ടെടുത്തില്ലെങ്കില്‍ ഗഭീര്‍ ടീമിന് പുറത്തുപോകുമെന്ന് തന്നെയാണ് സൂചന. കൊൽക്കത്തയെ രണ്ടു വട്ടം ഐപിഎൽ ചാംപ്യന്മാരാക്കിയ ഗംഭീറിനെ, നായകനായി നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ഉടമകള്‍ തയ്യാറായിരുന്നെങ്കിലും ഐപിഎൽ കരിയര്‍ തുടങ്ങിയ ജന്മനാട്ടിലേക്ക് തിരിച്ചെത്തണമെന്ന താത്പര്യത്തിലാണ് ഗംഭീര്‍ ഡൽഹി ടീമിൽ എത്തിയത്. വെള്ളിയാഴ്ച കൊൽക്കത്തയ്ക്കെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.

 

click me!