
ചെന്നൈ: ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ സിക്‌സര്‍ പൂരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 203 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ചെന്നൈ ഒരു പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടയ്ക്ക് വെച്ച് പതറിയ ചെന്നൈ സാം ബില്ലിംഗ്സിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയില്‍ വിജയിക്കുകയായിരുന്നു.
റസലിന്‍റെ വെടിക്കെട്ടിന് അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ചെന്നൈ തുടങ്ങിയത്. ഓപ്പണര്‍മാരായ വാട്സണും റായിഡുവും മോശമാക്കിയില്ല. വാട്സണ്‍ രൗദ്രഭാവം പൂണ്ടപ്പോള്‍ 3.4 ഓവറില്‍ ചെന്നൈ 50 കടന്നു. എന്നാല്‍ അഞ്ചാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ സിക്സടിക്കാനുള്ള ശ്രമത്തിനിടെ 19 പന്തില്‍ 42 റണ്‍സെടുത്ത വാട്സണെ കുരാന്‍ പുറത്താക്കി. ചെന്നൈ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 75.
പിന്നീട് ചെന്നൈയുടെ സ്കോറിങ്ങിന്‍റെ വേഗം കുറഞ്ഞു. മെല്ലെ സ്കോര്‍ ഉയര്‍ത്താനായിരുന്നു റായിഡുവിന്‍റെയും റെയ്നയുടെയും ശ്രമം. 26 പന്തില്‍ 39 റണ്‍സെടുത്ത് നില്‍ക്കേ കുല്‍ദീപിന്‍റെ പന്തില്‍ റായിഡു പുറത്താവുകയും ചെയ്തതോടെ 10 ഓവറില്‍ ചെന്നൈയ്ക്ക് നേടാനായത് 90 റണ്‍സ് മാത്രം. 11-ാം ഓവറിലെ മൂന്നാം പന്തില്‍ റെയ്ന(14) കൂടി മടങ്ങിയതോടെ ചെന്നൈയ്ക്ക് അടിപതറിയെന്ന് തോന്നിച്ചു.
എന്നാല്‍ കൊല്‍ക്കത്തന്‍ ഇന്നിംഗ്സിലെ റസല്‍ ഷോ ഓര്‍മ്മിപ്പിച്ച് ധോണി- ബില്ലിംഗ്സ് സഖ്യം അടിതുടങ്ങിയതോടെ ചെന്നൈ 16 ഓവറില്‍ 152ലെത്തി. അവസാന നാല് ഓവറില്‍ വേണ്ടത് 51 റണ്‍സ്. എന്നാല്‍ 16.3 ഓവറില്‍ ധോണി 25 റണ്‍സുമായി മടങ്ങിയപ്പോള്‍ ചെപ്പോക്ക് വീണ്ടും നിശ്ബ്ദമായി. ബില്ലിംഗ്സ് അടി തുടര്‍ന്നപ്പോള്‍ അവസാന രണ്ട് ഓവറില്‍ 27 എന്ന വിജയലക്ഷ്യത്തിലേക്ക് ചെന്നൈയെത്തി.
19-ാം ഓവറിലെ ആദ്യ പന്തില്‍ സാം ബില്ലിംഗ്സ് അര്‍ദ്ധ സെഞ്ചുറി(21 പന്തില്‍) പൂര്‍ത്തിയാക്കി. എന്നാല്‍ നാലാം പന്തില്‍ ബില്ലിംഗ്സ് ഉത്തപ്പയുടെ കൈകളില്‍ അവസാനിച്ചതോടെ വിജയലക്ഷ്യം അവസാന ഓവറില്‍ 17 ആയി ചുരുങ്ങി. 23 പന്തില്‍ അഞ്ച് സിക്സും രണ്ട് ബൗണ്ടറിയും സഹിതം 56 റണ്‍സാണ് ബില്ലിംഗ്സ് എടുത്തത്. അവസാന ഓവറിലെ ആദ്യ പന്ത് സിക്സിന് പറത്തി ബ്രാവോ തുടങ്ങി. അഞ്ചാം പന്ത് ജഡേജ അതിര്‍ത്തികടത്തിയതോടെ ചെന്നൈ രണ്ടാം വിജയം സ്വന്തം മൈതാനത്ത് എഴുതിച്ചേര്‍ത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. 36 പന്തില്‍ 88 റണ്‍സെടുത്ത ആന്ദ്രേ റസലിന്‍റെ വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ചെപ്പോക്കില്‍ 11 സിക്സും ഒരു ബൗണ്ടറിയും സഹിതമായിരുന്നു റസല്‍ ഷോ. ഉത്തപ്പ(29), കാര്‍ത്തിക്(26), ലിന്‍(22), റാണ(16) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!