'അവന്‍റെ ജോലിയും കരിയറും തകരരുത്'; സഹതാരത്തെ കുറിച്ച് ഉബൈദ് സി.കെയുടെ ഹൃദയസ്‌പര്‍ശിയായ കുറിപ്പ്

By Web DeskFirst Published Apr 10, 2018, 10:49 PM IST
Highlights
  • ഈസ്റ്റ് ബംഗാളിന്‍റെ സൂപ്പര്‍ താരമായ ജോബി ജസ്റ്റിന്‍ ജോലി പോകുമെന്ന ഭീഷണിയില്‍

കൊല്‍ക്കത്ത: സൂപ്പര്‍കപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഈസ്റ്റ് ബംഗാളിന്‍റെ മിന്നുംതാരമാണ് മലയാളിയായ ജോബി ജസ്റ്റിന്‍. എന്നാല്‍ ഐഎസ്എല്‍ ക്ലബുകളെ തോല്‍പിച്ച് ഈസ്റ്റ് ബംഗാള്‍ സെമിയിലെത്തി നില്‍ക്കേ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലാണ് ജോബിയിപ്പോള്‍. സൂപ്പര്‍കപ്പ് മത്സരങ്ങള്‍ക്കിടെ ജോബി ജസ്റ്റിന്‍റെ ലീവ് കാലാവധി അവസാനിക്കുന്നതാണ് ഇതിന് കാരണം.

കെ.എസ്.ഇ.ബി ജീവനക്കാരനായ ജോബി ലീവെടുത്തായിരുന്നു ഈസ്റ്റ് ബംഗാളിനായി കളിക്കാന്‍ പോയത്. എന്നാല്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിച്ച മെമ്മോ പ്രകാരം സൂപ്പര്‍കപ്പിനിടെ ജോബിക്ക് തിരികെ ജോലിയില്‍ പ്രവേശിക്കണം. നാട്ടിലേക്ക് മടങ്ങേണ്ടിവന്നാല്‍ ജോബിക്ക് നഷ്ടമാവുക കരിയറിലെ നിര്‍ണായക മത്സരങ്ങളാണ്. അതേസമയം തിരികെ പ്രവേശിച്ചില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയും നിലനില്‍ക്കുന്നു. 

ഈസ്റ്റ് ബംഗാളിലെ സഹതാരവും മലയാളി ഗോള്‍ കീപ്പറുമായ ഉബൈദ് സി.കെയാണ് ജോബിയുടെ കരിയറിലെ ബാധിച്ചേക്കാവുന്ന വിഷയം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്  ഉബൈദ് ആവശ്യപ്പെടുന്നു. കേരളത്തിനായി മൂന്ന് തവണ സന്തോഷ് ട്രോഫിയിലും ഒരു തവണ ദേശീയ ഗെയിംസിലും ജഴ്സിയണിഞ്ഞിട്ടുണ്ട് തിരുവനന്തപുരം സ്വദേശിയായ താരം. 
 

ഉബൈദ് സി.കെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം...

സർ,

ടീമിലെ സഹതാരമായ ജോബി ജസ്റ്റിൻ എന്ന തിരുവന്തപുരത്തുകാരന്റെ നിലവിലെ അവസ്ഥയാണ് എന്നെ ഈ തുറന്ന കത്തെഴുതുന്നതിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഞങ്ങളെല്ലാവരും ഐ.എസ്.എൽ ക്ലബിനെ തോല്പിച്ച് ടീം സൂപ്പർ കപ്പ് സെമി ഫൈനലിൽ പ്രവേശിച്ചത്തിന്റെ ആഘോഷത്തിൽ മുഴുകിയപ്പോൾ ഒരാൾ മാത്രം അതിലൊന്നും പങ്കെടുക്കാതെ മാറിനിന്നു. ആ മാറിനിന്ന ആൾ മാസങ്ങളായി കളിയിലും, ഊണിലും, ഉറക്കിലും എന്നോടൊപ്പം ഉണ്ടായിരുന്ന ജോബി ആണെന്നത് കൊണ്ട് തന്നെ അവനെ കൂടാതെ ഒരു ആഘോഷം എനിക്കും സാധ്യമാകുമായിരുന്നില്ല. അന്നേ ദിവസം കയ്യിലെത്തിയ ഒരു മെമ്മൊയായിരുന്നു അവന്റെ പ്രശ്‌നത്തിന് കാരണം എന്നത് അന്വേഷിച്ചപ്പോഴാണ് മനസിലായത്. ജോബി ജോലി ചെയ്യുന്ന കെ.എസ്.ഇ.ബിയിൽ നിന്ന് വന്ന ആ മെമ്മോയിൽ പറഞ്ഞിരിക്കുന്നത് അടുത്ത ദിവസം തന്നെ ജോലിക്ക് ഹാജരാകണം എന്നുള്ളതാണ്. ഡിപ്പാർട്ടമെന്റിൽ നിന്ന് ലീവെടുത്ത് കളിക്കാൻ വന്ന ജോബിയുടെ അവധി സൂപ്പർ കപ്പിനിടക്ക് വച്ചാണ് അവസാനിക്കുന്നത്.
നിലവിൽ ടൂർണമെന്റിനായുള്ള ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ ഞങ്ങളോടൊപ്പമുള്ള ജോബി ക്യാമ്പ് വിട്ടാൽ അവന് നഷ്ടമാകുക അവന്റെ സ്വപ്നത്തിന്റെ ഒരു ഭാഗം തന്നെ ആയിരിക്കും.
ഇത് പോലൊരു ടൂർണമെന്റിന്റെ സെമി ഫൈനലിൽ കളിക്കുക എന്നുള്ളത് ഞങ്ങളെ പോലുള്ള താരങ്ങളുടെ സ്വപ്നമാണ് സർ.
ഇതൊക്കെ സ്വപ്നം കണ്ടിട്ടാണ് ഞങ്ങളൊക്കെ പന്ത് തട്ടിത്തുടങ്ങിയത്. ആ സ്വപ്നം പാതിവഴിയിൽ തകർന്ന് പോകുന്നത് ഒരു താരത്തിനും സഹിക്കാനൊക്കില്ല.
കളിയോളം തന്നെ ജോബിക്ക് വലുതാണ് അവന്റെ ജോലിയും, ഈ കളിയിൽ നിന്ന് നമ്മുടെ രാജ്യത്തെ ഒരു താരത്തിന് നേടാവുന്നതിനൊക്കെ പരിധി ഉള്ളതിനാൽ തന്നെ ആറോ എട്ടോ വർഷത്തെ പ്രൊഫഷണൽ കരിയറുകൊണ്ട് മാത്രം ഒരു ഫുട്ബോൾ താരത്തിന് ജീവിച്ച് പോകാൻ ഒക്കില്ല സർ. അതിന് നിരവധി ജീവിക്കുന്ന ഉദാഹരങ്ങൾ നമുക്ക് മുന്നിലുണ്ട്. ഈ ചുരുങ്ങിയ വർഷത്തെ ഫുട്ബോൾ കരിയറിന് ശേഷം ഞങ്ങളെ പോലുള്ള സാധാരണക്കാരായ താരങ്ങൾക്ക് മാന്യമായി ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഒരു ജോലി കൂടിയേ തീരൂ.. അവിടെയാണ് ഞങ്ങളുടെ ഒക്കെ ജോലിക്കുള്ള പ്രാധാന്യവും.
ടീമിനോടൊപ്പം തുടർന്നാൽ ജോലി നഷ്ടമാകും എന്ന അവസ്ഥയിലാണ് ജോബി ഇന്നുള്ളത്.
രാജ്യത്തെ ഏറ്റവും പേരുകേട്ട ക്ലബായ ഈസ്റ്റ് ബംഗാളിന്റെ ജഴ്‌സിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ശ്രദ്ധയാകർഷിച്ച ജോബി നിലവിൽ തന്റെ കരിയറിലെ നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ ഒരവസ്ഥയിൽ കളി ഉപേക്ഷിച്ച് അവൻ ജോലിക്ക് തിരിച്ച് കയറിയാൽ ഒരു പക്ഷെ അവന്റെ കളിയുടെ ഭാവിയെ തന്നെ അത് സാരമായി ബാധിച്ചേക്കും.
മൂന്ന് തവണ സന്തോഷ് ട്രോഫിയിലും ഒരു തവണ നാഷണൽ ഗെയിംസിലും കേരളത്തിന്റെ ജഴ്‌സി അണിഞ്ഞ, അതേ ജഴ്‌സിയിൽ കഴിഞ്ഞ വർഷം സന്തോഷ് ട്രോഫിയിലെ ടോപ് സ്‌കോററായ ഈ യുവ താരത്തിന് അവന്റെ ഫുട്ബോൾ കരിയറോ ജോലിയോ നഷ്ടമായാൽ അത് സംസ്ഥാനം അവനോട് ചെയ്യുന്ന വലിയ നീതികേടാകും സർ. സന്തോഷ് ട്രോഫി നേടിയ ടീമിനെ വളരെ മികച്ച രീതിയിൽ ആദരിച്ച കേരള ഗവണ്മെന്റ് ഞങ്ങളെ പോലുള്ള താരങ്ങൾ നേരിടുന്ന ഇതുപോലുള്ള പ്രശ്നങ്ങളിലും ഗുരുതരമായി തന്നെ ഇടപെടണം. ഇടപെട്ടില്ലെങ്കിൽ വിവിധ വേദികളിൽ സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച ജോബിയും അവനോടൊപ്പം ഇനിയും ഒരുപാട് താരങ്ങളും ഇതിന്റെ ഇരകളായി മാറും.

പ്രതീക്ഷയോടെ,
ഉബൈദ് സി.കെ
ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർ
കൊൽക്കത്ത

Pinarayi Vijayan A C Moideen MM Mani Kerala Football Live #Justiceforjoby#supportjoby #savesportsmen

click me!