
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11-ാം സീസണിലെ ആദ്യ മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍ക്കാനായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ വിധി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് 165 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ പടുത്തിയര്‍ത്തിയിട്ടും പരാജയപ്പെട്ടു. ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിക്കാതിരുന്നതും ബൗളര്‍മാര്‍ പരാജയപ്പെട്ടതുമാണ് ഇതിന് പ്രധാന കാരണം. ജയിക്കേണ്ട കളി ബൗളര്‍മാരുടെ അകമഴിഞ്ഞ റണ്‍ സംഭാവനയില്‍ മുംബൈ കൈവിടുന്നതാണ് കണ്ടത്.
മുംബൈയുടെ പരാജയത്തിനുള്ള അഞ്ച് കാരണങ്ങള്‍ നോക്കാം
1. ഡെത്ത് ഓവറിലെ മോശം ബൗളിംഗ്
ലീഗിലെ മികച്ച ഡെത്ത് ഓവര്‍ ബൗളിംഗ് യുണിറ്റുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. ജസ്‌പ്രീത് ബൂംറ, മുസ്താഫിസര്‍ റഹ്മാന്‍, മക്ലനാഗന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്ക് ഏത് എതിരാളിയെയും പിഴുതെറിയാനുള്ള കരുത്തുണ്ട്. എന്നാല്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ അവസാന മൂന്ന് ഓവറില്‍ 47 റണ്‍സ് വേണമെന്നിരിക്കേ മൂവരും ലൈനും ലെങ്തും കൈവിട്ടു. ലോകത്തെ മികച്ച ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ ബൂംറ മൂന്ന് സിക്സ് വഴങ്ങി എന്നതാണ് ഇതില്‍ ശ്രദ്ധേയം.
2. ബ്രാവോയുടെ ഡെത്ത് ഓവര്‍
ഐപിഎല്‍ ചരിത്രത്തിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഡ്വെയ്ന്‍ ബ്രാവോ. പക്ഷേ ആദ്യ ഓവറില്‍ 14 റണ്‍സ് വഴങ്ങി ബ്രാവോ നിരാശപ്പെടുത്തി. എന്നാല്‍ 12-ാം ഓവറില്‍ വീണ്ടും പന്തേല്‍പിച്ചപ്പോള്‍ നായകന്‍റെ ആത്മവിശ്വാസം കാത്തു വെസ്റ്റിന്‍ഡീസ് താരം. അവസാന മൂന്ന് ഓവറില്‍ വെറും 11 റണ്‍സാണ് ബ്രാവോ വിട്ടുകൊടുത്തത്. ബ്രാവോയുടെ പന്തുകള്‍ക്ക് മുന്നില്‍ കൂടുതല്‍ വിയര്‍ത്തത് മുംബൈയുടെ വെടിക്കെട്ട് ബാറ്റ്സ്മാനായ ഹര്‍ദിക് പാണ്ഡ്യയാണ്.
3. ബാറ്റിംഗിലെ മോശം തുടക്കം
ഒട്ടും ആശ്വാസകരമായിരുന്നില്ല മുംബൈ ഇന്ത്യന്‍സിന്‍റെ തുടക്കം. ദീപക് ചഹാറെറിഞ്ഞ രണ്ടാം ഓവറില്‍ വെസ്റ്റിന്‍ഡീസ് കൂറ്റനടിക്കാരന്‍ എവിന്‍ ലെവിസ് റണ്ണൊന്നുമെടുക്കാതെ മടങ്ങി. തൊട്ടടുത്ത ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച രോഹിത് ശര്‍മ്മ അമ്പാട്ടി റായിഡുവിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ വീണു. ഇതോടെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട മുംബൈ ഇന്ത്യന്‍സ് 3.5 ഓവറില്‍ 20ന് രണ്ട് എന്ന നിലയില്‍ കൂപ്പുകുത്തി. ഇത് മുംബൈയുടെ ഇന്നിംഗ്സില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു.
4. ഹര്‍ദിക് പാണ്ഡ്യ താളം കണ്ടെത്താതിരുന്നത്
മധ്യനിരയില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിശ്വസ്തനായ താരമാണ് കൂറ്റനടിക്കാരനായ ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ ചെന്നൈയ്ക്കെതിരെ പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് പതിവ് അഗ്നിഗോളങ്ങള്‍ പുറപ്പെടുന്നത് കണ്ടില്ല. മറുവശത്ത് സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യ വെടിക്കെട്ട് നടത്തിയപ്പോള്‍ നോക്കിനില്‍ക്കാന്‍ മാത്രമാണ് ഹര്‍ദികിന് കഴിഞ്ഞത്. 20 പന്തില്‍ 22 റണ്‍സ് മാത്രം അടിച്ചെടുത്ത പാണ്ഡ്യ നിരാശപ്പെടുത്തി.
5. ബ്രാവോയുടെ ബാറ്റിംഗ് വെടിക്കെട്ട്
ജയം മുംബൈയില്‍ നിന്ന് തട്ടിയെടുത്തതിന് പ്രധാന ഉത്തരവാദി ഡ്വെയ്ന്‍ ബ്രാവോയാണ്. എട്ട് ഓവറില്‍ ജയിക്കാന്‍ 91 റണ്‍സ് വേണമെന്ന സമയത്താണ് ബ്രാവോ ക്രീസിലെത്തുന്നത്. മായങ്ക് മര്‍കാണ്ഡെയെ തലയ്ക്ക് മുകളിലൂടെ അതിര്‍ത്തികടത്തി ബ്രാവോ ഉദേശ്യം വ്യക്തമാക്കി. 18-ാം ഓവര്‍ എറിഞ്ഞ മക്ലാനാഗന് കിട്ടി 20 റണ്‍സ്. അതോടെ രണ്ട് ഓവറില്‍ 27 ആയി കുറഞ്ഞു വിജയലക്ഷ്യം. എന്നാല്‍ ബൂംറയെ മൂന്ന് കൂറ്റന്‍ സിക്സിന് പറത്തിതോടെ കളി കയ്യിലായി. ചെന്നൈയ്ക്ക് വിജയമുറപ്പിച്ച് പുറത്താകുമ്പോള്‍ 30 പന്തില്‍ 68 റണ്‍സെടുത്തിരുന്നു ഈ കൂറ്റനടിക്കാരന്‍.
ജയിക്കേണ്ട കളി ബൗളര്‍മാരുടെ അകമഴിഞ്ഞ റണ്‍ സംഭാവനയില്‍ മുംബൈ കൈവിടുന്നതാണ് കണ്ടത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!