മുംബൈ വെടിക്കെട്ട്; കളിയിലെ താരമായി ബ്രാവോ

By Web DeskFirst Published Apr 8, 2018, 1:50 AM IST
Highlights
  • ബ്രാവോ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയതില്‍ അത്ഭുതപ്പെടാനില്ല

മുംബൈ: ബ്രാവോ, ഇയാള്‍ എന്തൊരു മനുഷ്യനാണ്. ഐപിഎല്‍ 11-ാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് തലകുലുക്കിയപ്പോള്‍ ആരാധകര്‍ പറയുന്നതിങ്ങനെ. 30 പന്തില്‍ ഏഴ് സിക്സും മൂന്ന് ബൗണ്ടറിയും സഹിതം 68 റണ്‍സ് എടുത്ത ബ്രാവോ താണ്ഡവമാണ് ചെന്നൈയ്ക്ക് അമ്പരിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.

ഒരവസരത്തില്‍ ആറ് വിക്കറ്റിന് 84 എന്ന നിലയില്‍ തകര്‍ന്നിരിക്കുകയായിരുന്നു ചെന്നൈ. അവിടുന്ന് അവിശ്വസനീയം എന്ന് തോന്നിച്ച വിജയലക്ഷ്യത്തിലേക്ക് ടോപ് ഗിയറില്‍ ബ്രാവോ കളിമാറ്റി. മക്‌ലനാഗന്‍ എറിഞ്ഞ 18-ാം ഓവറില്‍ 20 റണ്‍സ്. ബുംറ എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് കൂറ്റന്‍ സിക്സുകള്‍. ഒടുവില്‍ ഒരോവറില്‍ ഏഴ് റണ്‍സെന്ന വിജയലക്ഷ്യത്തിനരികെ ചെന്നൈയെ എത്തിച്ച് മടക്കം. 

അതേസമയം പന്ത് കൊണ്ടും മികച്ച പ്രകടമാണ് മത്സരത്തില്‍ ബ്രാവോ കാഴ്ച്ചവെച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 25 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതില്‍ അവസാന രണ്ട് ഓവറുകളാണ് മുംബൈയെ കൂറ്റന്‍ സ്കോറില്‍ നിന്ന് പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമായത്. ബ്രാവോയുടെ സ്ലോ ബോളുകള്‍ക്ക് മുന്നില്‍ മുംബൈ ബാറ്റസ്മാന്‍മാര്‍ക്ക് സ്റ്റിയറിംഗ് കിട്ടിയില്ല.

ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഒരുപോലെ മികവ് കാട്ടിയ ബ്രാവോ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയതില്‍ അത്ഭുതപ്പെടാനില്ല. 

click me!