മുംബൈയുടെ തോല്‍വി; പാണ്ഡ്യയെ വിമർശിച്ച് ജയവർദ്ധന

By Web DeskFirst Published Apr 25, 2018, 5:05 PM IST
Highlights
  • മത്സരത്തില്‍ 19 പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് പാണ്ഡ്യ നേടിയത്

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണില്‍ മോശം പ്രകടനമാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കാഴ്ച്ചവെക്കുന്നത്. ആറ് മത്സരങ്ങള്‍ കളിച്ച മുംബൈ ഒന്നില്‍ മാത്രം വിജയിച്ച് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. മുംബൈ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. തോല്‍വിക്ക് പിന്നാലെ ടീമിലെ സൂപ്പർ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ മഹേള ജയവർദ്ധന. 

മത്സരത്തില്‍ 19 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ഓള്‍റൌണ്ടർ ഹർദിക് പാണ്ഡ്യയെയാണ് ജയവർദ്ധന രൂക്ഷമായി വിമർശിക്കുന്നത്. പാണ്ഡ്യയുടെ മെല്ലപ്പോക്ക് മുംബൈ ഇന്ത്യന്‍സിന്‍റെ പരാജയത്തിന് കാരണമായെന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. "എല്ലാ വർഷവും ഒരേ ഫോമില്‍ ബാറ്റ് ചെയ്യാനാവില്ല. പ്രകടനം മെച്ചപ്പെടുത്താതെ താരങ്ങള്‍ക്ക് വളരാനുമാകില്ല. മികവ് കാട്ടാന്‍ ഹർദികിനെ പോലുള്ള യുവ താരങ്ങള്‍ കഠിന പരിശ്രമം കാട്ടിയേ തീരു. പ്രതിഭ മാത്രം ഒരു താരത്തെ സഹായിക്കില്ല"- മുംബൈ പരിശീലകന്‍ പറയുന്നു

പാണ്ഡ്യയെ കപില്‍ ദേവിന്‍റെ പിന്‍ഗാമിയായി പലരും വിശേഷിപ്പിക്കുമ്പോഴാണ് ജയവർദ്ധനയുടെ രൂക്ഷ വിമർശനം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മൂന്ന് റണ്‍സ് മാത്രമെടുത്ത് സിദ്ധാർത്ഥ് കൌളിന്‍റെ പന്തില്‍ പാണ്ഡ്യ പുറത്താകുകയായിരുന്നു. റഷീദ് ഖാന്‍റെ അവസാന ഓവറില്‍ കൂറ്റനടികള്‍ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി പാണ്ഡ്യ ഒരു റണ്‍ പോലും നേടിയിരുന്നില്ല. മത്സരത്തില്‍ സണ്‍റൈസേഴ്സ് ഉയർത്തിയ 119 വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യന്‍സ് 87ല്‍ പുറത്താവുകയായിരുന്നു. 

click me!