
ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 11 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. സണ്‍റൈസേഴ്സ് മുന്നോട്ടുവച്ച 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റിന് 140 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രാജസ്ഥാനായി അജിങ്ക്യ രഹാനെ, സഞ്ജു വി സാംസണ്‍ എന്നിവര്‍ ബാറ്റിംഗ് മികവ് കാട്ടി. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ ബേസില്‍ തമ്പി സണ്‍റൈസേഴ്സിനെ സീസണിലെ ആറാം വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗാരംഭിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണാണ്(43 പന്തില്‍ 63) സണ്‍റൈസേഴ്സിന്‍റെ ടോപ് സ്‌കോറര്‍. ഹെയ്‌ല്‍സ്(45), പാണ്ഡെ(16), സാഹ(11) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ ഉയര്‍ന്ന സ്കോര്‍. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറാണ് സണ്‍റൈസേഴ്സിനെ കൂറ്റന്‍ സ്കോറില്‍ നിന്നകറ്റിയത്.
മറുപടി ബാറ്റിംഗില്‍ സ്വന്തം മൈതാനത്ത് രാജസ്ഥാന്‍റെ തുടക്കം പാളി. സന്ദീപ് ശര്‍മ്മയുടെ പന്തില്‍ നാല് റണ്‍സുമായി ത്രിപാഠി പുറത്ത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രഹാനെ-സഞ്ജു സഖ്യം രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. സീസണിലെ മികച്ച ഫോം സണ്‍റൈസേഴ്സിനെതിരെയും ഇരുവരും തുടരുകയായിരുന്നു. ബോസില്‍ തമ്പി എറിഞ്ഞ നാലാം ഓവറില്‍ സഞ്ജു അടിച്ചുകൂട്ടിയത് 17 റണ്‍സ്. ഇതോടെ ഏഴ് ഓവറില്‍ രാജസ്ഥാന്‍ 50 കടന്നു.
അര്‍ദ്ധ സെഞ്ചുറിയിലേക്ക് ബാറ്റുവീശുകയായിരുന്ന സഞ്ജുവിനെ(40) പുറത്താക്കി കൗള്‍ സണ്‍റൈസേഴ്സ് ബൗളിംഗിന്‍റെ കരുത്ത് കാട്ടി. തൊട്ടടുത്ത ഓവറില്‍ സീസണില്‍ ആദ്യമായി യൂസഫ് പഠാനെ പന്തേല്‍പിച്ച വില്യംസണിന്‍റെ തന്ത്രം ഫലം കണ്ടു. റണ്ണെടുക്കും മുമ്പ് ബെന്‍ സ്റ്റോക്‌സ് ബൗള്‍ഡ്. രാജസ്ഥാന്‍ റോയല്‍സ് 100 കടക്കും മുമ്പ് 10 റണ്‍സുമായി ബട്ട്‌ലറും പുറത്തായി. ഇതോടെ അവസാന നാല് ഓവറില്‍ രാജസ്ഥാന്‍ ജയിക്കാന്‍ വേണ്ടത് 24 റണ്‍സ്.
17-ാം ഓവറിലെ ആദ്യ പന്തില്‍ കരുതലോടെ കളിച്ച രഹാനെ അര്‍ദ്ധ സെഞ്ചുറി തികച്ചു. അവസാന 12 പന്തുകളില്‍ രാജസ്ഥാന് ജയിക്കാന്‍ 27 റണ്‍സ് വേണമെന്നായി. 19-ാം ഓവറിലെ മൂന്നാം പന്തില്‍ സാഹയുടെ പറക്കും ക്യാച്ചില്‍ ലോംറോര്‍ പുറത്തായത് രാജസ്ഥാനെ തളര്‍ത്തി. ബേസില്‍ തമ്പിയെറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സുമായി ഗൗതവും മടങ്ങി. ഇതോടെ ജയിക്കാന്‍ ഈ ഓവറില്‍ 21 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന്‍ തോല്‍വി സമ്മതിച്ചു. രഹാനെ 65 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!