രണ്ട് മിനുറ്റിനിടെ രണ്ടടിച്ച് ഛേത്രി; ബെംഗളൂരുവിന് തകര്‍പ്പന്‍ ജയം

By Web TeamFirst Published Oct 22, 2018, 9:39 PM IST
Highlights

ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളും മിക്കുവിന്‍റെ ഗോളുമാണ് ബെംഗളൂരുവിന് ജയം സമ്മാനിച്ചത്. രണ്ട് മിനുറ്റിനിടെയാണ് ഛേത്രി ഇരട്ട ഗോള്‍ തികച്ചത്. 

ബെംഗളൂരു: ഐഎസ്എല്ലില്‍ സുനില്‍ ഛേത്രി മിന്നലായ മത്സരത്തില്‍ പുനെ സിറ്റിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് വമ്പന്‍ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്‍റെ ജയം. രണ്ട് മിനുറ്റുകള്‍ക്കിടെ ഇരട്ട ഗോളുമായി തിളങ്ങിയ ഛേത്രിയാണ് ബെംഗളൂരുവിന് ജയം സമ്മാനിച്ചത്. 41, 43 മിനുറ്റുകളിലായിരുന്നു ഗോളുകള്‍. 64-ാം മിനുറ്റില്‍ മിക്കു ബെംഗളൂരുവിന്‍റെ പട്ടിക പൂര്‍ത്തിയാക്കി. 

ബെംഗളൂരു ആദ്യ പകുതിയുടെ തുടക്കത്തില്‍ നിരവധി അനായാസ അവസരങ്ങള്‍ തുലച്ച ശേഷമായിരുന്നു ഛേത്രിയുടെ ഗോള്‍വേട്ട. 40-ാം മിനുറ്റില്‍ ബെംഗളൂരുവിന് മുന്നിലെത്താനുള്ള സുവര്‍ണാവസരം ഛേത്രി കളഞ്ഞുകുളിച്ചു. എന്നാല്‍ തൊട്ടടുത്ത മിനുറ്റില്‍ ഡിമാസിന്‍റെ ലോംഗ് ബോളില്‍ നിന്ന് ഛേത്രി ആദ്യ വെടി പൊട്ടിച്ചു. ഡിമാസിന്‍റെ പാസില്‍ നിന്നു തന്നെയായിരുന്നു ഛേത്രിയുടെ രണ്ടാം ഗോളും. വീണ്ടുമൊരു ലോംഗ് പാസില്‍ നിന്നായിരുന്നു വെനസ്വേലന്‍ താരം മിക്കുവിന്‍റെ ഗോള്‍. 

click me!